കര്‍ണാടകത്തില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. പത്തോളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30നാണ് ചടങ്ങ്. 25,000ത്തോളം ആളുകള്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തേക്കും.
ശിവകുമാറിനെ അനുകൂലിക്കുന്ന പത്തു പേരും സിദ്ധരാമയ്യയുടെ അനുയായികളായ പത്തു പേരും മന്ത്രിസ്ഥാനങ്ങളില്‍ എത്തുമെന്നാണ് സൂചനകള്‍. മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ശിവകുമാറും സിദ്ധരാമയ്യയും വെള്ളിയാഴ്ച ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മറ്റ് പ്രതിപക്ഷ നേതാക്കളായ മെഹ്ബൂബ മുഫ്തി, ഡി. രാജ, സീതാറാം യെച്ചൂരി, കമല്‍ ഹാസന് എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ക്ഷണമുണ്ടെങ്കിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കാകോലി ദസ്തിദാര്‍ ചടങ്ങിനെത്തും. കേരള മുഖ്യമന്ത്രി പിണറായി വിജയന്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി, ബി.എസ്.പി. നേതാവ് മായാവതി എന്നിവരെ ക്ഷണിച്ചിട്ടില്ല.