മഹാരാഷ്ട്രയില്‍ വിമതര്‍ക്ക് അന്ത്യശാസനം നല്കി ശിവസേന; വൈകിട്ട് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണം
മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാരോടുള്ള നിലപാട് കടുപ്പിച്ച് ശിവസേനാ നേതൃത്വം. വിമതര്‍ക്ക് പാര്‍ട്ടി നേതൃത്വം അന്ത്യശാസനം നല്കി. വൈകിട്ട് 5 മണിക്കുള്ള എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പങ്കെടുത്തില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മഹാരാഷ്ട്രയിലെ അടിയൊഴുക്കുകള്ക്കിടെ മന്ത്രിസഭാ യോഗം ചേര്‍ന്നു. കോവിഡ് ബാധിതനായ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്.
നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും രാജിക്കാര്യത്തില്‍ യോഗം തീരുമാനം എടുത്തിട്ടില്ല. നിയമസഭ പിരിച്ചുവിടുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്ന് ഉദ്ധവ് താക്കറേ യോഗത്തില്‍ പറഞ്ഞു. മറ്റു സഖ്യകക്ഷികളും തിരക്കിട്ട യോഗങ്ങളിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി ബാലസാഹേബ് തോറാട്ടിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. അതേസമയം ഭൂരിപക്ഷം ശിവസേന എംഎല്‍എമാരും ഏക്നാഥ് ഷിന്‍ഡേയ്ക്ക് ഒപ്പമായതിനാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് സൂചന.
46 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഷിന്‍ഡെ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരു അവിശ്വാസ പ്രമേയമുണ്ടായാല്‍ സര്‍ക്കാരിനെ താഴെയിറക്കണമെങ്കില്‍ ബിജെപിക്ക് 37 എംഎല്‍എമാരുടെ പിന്തുണ മാത്രം മതിയാകും. ഷിന്‍ഡെയ്ക്കൊപ്പമുള്ള എംഎല്‍എമാരുടെ പിന്തുണ ലഭിച്ചാല്‍ സര്‍ക്കാരിന് താഴെയിറങ്ങേണ്ടി വരും. അതേസമയം അങ്ങനെയൊരു നീക്കം ബിജെപിയുടെ ഭാഗത്തു നിന്ന് ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കുന്നത്.
Content Highlights: Sivsena, BJP, Maharashtra, Political Drama