സോനാലി ഫോഗട്ടിന്റെ മരണം: സഹായികള്‍ അറസ്റ്റില്‍
ഹരിയാനയിലെ ബിജെപി നേതാവ് സോനാലി ഫോഗട്ടി(42)ന്റെ മരണവുമായി ബന്ധപ്പെട്ട് സഹായികളായ സുധീര്‍ സാഗ്വാന്‍, സുഖ്വിന്ദര് സിംഗ് വാസി എന്നിവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഓഗസ്റ്റ് 22ന് സോനാലി ഗോവയിലെത്തിയപ്പോള്‍ ഇരുവരും അനുഗമിച്ചിരുന്നു.
സോനാലിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി മുറിവേറ്റ പാടുകളുണ്ടെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, ബയോപ്സി ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനകള്‍ക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഫോറന്‍സിക് വിഭാഗം ഡോ. സുനില്‍ ശ്രീകാന്ത് ചിംബോല്ക്കര് പറഞ്ഞു.
സുധീറും സുഖ്വിന്ദറും ചേര്‍ന്നു സോനാലിയെ കൊലപ്പെടുത്തിയതാണെന്നു സഹോദരന് റിങ്കു ധാക്ക കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മൂന്നുവര്‍ഷം മുന്‍പ് സോനാലി മാനഭംഗത്തിനിരയായി. ഭക്ഷണത്തില്‍ ലഹരിമരുന്നു നല്കി ബോധരഹിതയാക്കിയശേഷം ഇരുവരും പീഡിപ്പിക്കുകയായിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവര്‍ സോനാലിയെ ബ്ലാക്മെയില്‍ ചെയ്യാറുണ്ടായിരുന്നുവെന്നും റിങ്കുവിന്റെ പരാതിയിലുണ്ട്.
മരണശേഷം ഹരിയാനയിലെ സോനാലിയുടെ ഫാം ഹൗസില്‍നിന്നു സിസിടിവി കാമറകളും ലാപ്ടോപ്പും കാണാതായിട്ടുണ്ട്. മരിക്കുന്നതിനു മണിക്കൂറുകള്ക്കുമുന്പ് വീട്ടിലേക്കുവിളിച്ച് അമ്മയോടും സഹോദരിയോടും സഹായികള്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞിരുന്നു.
ഓഗസ്റ്റ് 22ന് രാത്രി ഗോവയിലെ റസ്റ്ററന്റില്വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സോനാലിയെ ഉത്തരഗോവയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചനിലയിലാണ് സോനാലിയെ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ മൊഴി നൽകിയിരുന്നു.
ഗോവ ഡിജിപി ജസ്പാല്‍ സിംഗിന് അന്വേഷണച്ചുമതല നൽകിയെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.