സ്വപ്നയ്ക്കെതിരായ ഗൂഢാലോചനാക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന്
സ്വപ്ന നടത്തിയ വെളിപ്പെടുത്തലില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ആദ്യയോഗം ഇന്ന്. ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘത്തിന്റെ നിര്‍ണ്ണായക യോഗമാണ് ഇന്ന് ചേരുന്നത്. ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബ് വിളിച്ചു ചേര്‍ത്ത യോഗം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടക്കും. കേസില്‍ ഇതുവരെയുണ്ടായ അന്വേഷണ പുരോഗതി യോഗം വിലയിരുത്തും.
പത്തു ഡിവൈഎസ്പിമാരാണ് അന്വേഷണ സംഘത്തിലുള്ളത്. വിവിധ ജില്ലകളില്‍ നിന്നുള്ള ഇവര്‍ പ്രാദേശികമായി വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പേരുകള്‍ ഇന്നത്തെ യോഗത്തില്‍ തയ്യാറാക്കുമെന്നാണ് സൂചന. നിലവില്‍ സ്വപ്നയും പി സി ജോര്‍ജുമാണ് പ്രതികള്‍. ഇതിനിടയില്‍ ഷാജ് കിരണ്‍, ഇബ്രാഹിം എന്നിവരുടെ പേരുകളും ഉയര്‍ന്ന സാഹചര്യത്തില്‍ ഇവരെ കേസില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.
ശബ്ദരേഖ പുറത്തുവിട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന് കാട്ടി ഷാജ് കിരണ്‍ നല്കിയ പരാതിയും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്. ഷാജ് കിരണ്‍ നല്കിയ പരാതി ഡിജിപി അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളും അന്വേഷണ സംഘം വിലയിരുത്തും.
Content Highlights: Swapna Suresh, Shaj Kiran, Ibrahim, Kerala Police, SIT