ശ്രീനാഥ് ഭാസിക്ക് വിലക്ക്; സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടന

അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന് ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക്. സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് പ്രൊഡ്ൂസേഴ്സ് അസോസിയേഷന് അറിയിച്ചു. നടനോട് വിശദീകരണം ചോദിച്ച ശേഷമാണ് നടപടി. കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും. കുറച്ചു കാലത്തേക്ക് പുതിയ ചിത്രങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് അസോസിയേഷന്റെ തീരുമാനം.
പരാതിയില്‍ വിശദീകരണം നല്കാന് ഹാജരാകണമെന്ന് നടനോട് സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കു ശേഷം ശ്രീനാഥ് ഭാസി ഹാജരായി വിശദീകരണം നല്കി. തെറ്റ് ചെയ്തുവെന്ന് നടന് സമ്മതിച്ചതായാണ് വിവരം. വിലക്ക് എത്ര നാളത്തേക്കെന്നത് പിന്നീട് തീരുമാനിക്കും. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗും ഡബ്ബിംഗും പൂര്‍ത്തിയാക്കാനുണ്ട്. ഇത് പൂര്‍ത്തിയാക്കാന്‍ സംഘടന അനുവദിക്കും.