മദ്യപിച്ചതിന് തെളിവില്ല; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍
മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്. ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള വിടുതല്‍ ഹര്‍ജി ശ്രീറാം കോടതിയില്‍ ഫയല്‍ ചെയ്തു. കേസില്‍ മോട്ടോര്‍ വാഹന നിയമം മാത്രമേ ബാധകമാകുകയുള്ളുവെന്നും താന്‍ മദ്യപിച്ചതിന് തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
മദ്യപിച്ചതിന് തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ല. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വാദം. വെള്ളിയാഴ്ചയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ വിചാരണ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമന് കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസ് വിടുതല്‍ ഹര്‍ജിയുമായി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വാദം കേട്ട കോടതി തിങ്കളാഴ്ച ഉത്തരവ് പറയാനിരിക്കുകയാണ്. ഇതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചത്.