പാമ്പാടിയില്‍ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയുള്ളതായി സൂചന
കോട്ടയം, പാമ്പാടി, വെള്ളൂരില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായി സൂചന. നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ നായ കാണിച്ചിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്കുന്ന സൂചന. പേവിഷബാധയേറ്റിട്ടുണ്ടെന്ന നിഗമനത്തിലാണ് തുടര്‍നടപടികളുമായി മുന്നോട്ടു പോകുന്നത്. വെള്ളൂര്‍ ഏഴാം മൈല്‍ ജംഗ്ഷന് സമീപം നൊങ്ങലിലാണ് നായയുടെ ആക്രമണമുണ്ടായത്.
വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന് ഐറിന് (10), പാറയില്‍ സെബിന് (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവര്‍ക്കാണ് കടിയേറ്റത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നിഷ സുനിലിനെ നായ കടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ഭര്‍ത്താവ് പുറത്തു പോയപ്പോള്‍ ഗേറ്റ് അടയ്ക്കാന്‍ എത്തിയ നിഷയെ വീട്ടൂവളപ്പിലേക്ക് ഓടിയെത്തിയ നായ കടിക്കുകയായിരുന്നു. നിഷയ്ക്ക് 38 മുറിവുകളുണ്ടായിരുന്നു. ഏഴു പേരെ കടിച്ച ശേഷം ഓടിപ്പോയ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.