‘ഒരുപാട് മോഹിച്ചു വാങ്ങിയതാണ്’, സൈക്കിള്‍ എടുത്ത ചേട്ടന്മാര് തിരിച്ചു തരണം; മെട്രോ സ്റ്റേഷനില്‍ നോട്ടീസ് പതിച്ച് വിദ്യാര്‍ത്ഥി
മെട്രോ സ്റ്റേഷനില്‍ നിന്ന് മോഷണം പോയ സൈക്കിള്‍ തിരിച്ചു കിട്ടുന്നതിനായി നോട്ടീസ് പതിച്ച് വിദ്യാര്‍ത്ഥി. കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലാണ് തേവര എസ്എച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിയായ പവേല്‍ സ്മിത്ത് നോട്ടീസ് പതിച്ചിരിക്കുന്നത്.
നോട്ടീസ് ഇങ്ങനെയാണ്
ഞാന്‍ പവേല്‍ സമിത്ത് തേവര എസ്എച്ച് സ്കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോള്‍ക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാര് തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
കലൂരില്‍ താമസിക്കുന്ന പവേല്‍ സ്മിത്ത് എന്നും മെട്രോയിലാണ് സ്കൂളില്‍ പോകുന്നത്. മെട്രോ സ്റ്റേഷന് വരെ സൈക്കിളില്‍ പോകും സൈക്കിള്‍ സ്റ്റേഷന്റെ പിന്നില്‍ പൂട്ടി വയ്ക്കും. എന്നാല്‍ ഒരാഴ്ച മുന്‍പ് ഒരു വൈകുന്നേരം സ്കൂള്‍ കഴിഞ്ഞ് തിരികെയെത്തിയ പവേലിന് മെട്രോ സ്റ്റേഷന് പിന്നില്‍ പൂട്ടി വച്ച തന്റെ സൈക്കിള്‍ കാണാന്‍ കഴിഞ്ഞില്ല. സൈക്കിള്‍ മോഷണം പോയി. ഒരുപാട് മോഹിച്ചും ആഗ്രഹിച്ചും വാങ്ങിയ തന്റെ സൈക്കിള്‍ മോഷണം പോയ സങ്കടത്തിലാണ് പവേല്‍.
സൈക്കിള്‍ തിരികെ കിട്ടാനുള്ള മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍ പവേല്‍ തന്നെ ഒരു നോട്ടീസ് എഴുതി സംഭവസ്ഥലത്തും പരിസരത്തും പതിപ്പിക്കാന്‍ തീരുമാനിച്ചു. സൈക്കിള്‍ മോഷണം പോയ സ്ഥലത്തുതന്നെ, സൈക്കിള്‍ എടുത്ത ആളോട് സൈക്കിള്‍ തിരികെ നകണം എന്ന അപേക്ഷിച്ചുകൊണ്ടുള്ള ഒരു നോട്ടീസ്.
വീട്ടിലെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ കുറിച്ചുകൊണ്ട് പവേല്‍ തന്നെ സ്വന്തം കൈപ്പടയില്‍ എഴുതി മരത്തില്‍ ഒട്ടിച്ച ആ നോട്ടീസ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രാവിലെ സ്റ്റേഡിയം വഴി നടക്കാനിറങ്ങിയ രാജഗോപാല്‍ കൃഷ്ണന് എന്നയാളാണ് മരത്തിലൊട്ടിച്ച നോട്ടീസ് കണ്ടപ്പോള്‍ ഒരു ഫോട്ടോയെടുത്ത്, ‘ആരോട് പറയും, ഒന്ന് ഷെയര്‍ ചെയ്യാമോ എല്ലാവരും’ എന്ന് കുറിച്ചുകൊണ്ട് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
അപേക്ഷ കണ്ട് സൈക്കിള്‍ എടുത്ത ആള് അത് തിരികെ കൊണ്ടുവന്ന് വയ്ക്കും എന്ന് തന്നെയാണ് പവേലിന്റെ പ്രതീക്ഷ. എന്തായാലും ആളുകള്‍ നോട്ടീസ് ഷെയര്‍ ചെയ്യ്തതോടുകൂടി നിരവധി പേരിലേക്ക് ഈ വിവരം എത്തിക്കഴിഞ്ഞു.