‘സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവന’: സി കെ ജാനു
രാജ്യത്തെ ഗോത്രവർഗ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിൽ വിവാദം. ബ്രാഹ്മണരോ നായിഡുവോ കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതിയുണ്ടാകുമെന്നും, ആ വകുപ്പ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് സുരേഷ് ഗോപി ബിജെപിയുടെ പ്രചാരണ പരിപാടിയി ൽ പറഞ്ഞത്.
എന്നാൽ സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്നായിരുന്നു ആദിവാസി നേതാവ് സികെ ജാനുവിന്റെ പ്രതികരണം. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർത്ഥ്യങ്ങൾ മനസിലായിട്ടില്ലെന്നും സികെ ജാനു വിമർശിച്ചു.
”അയാളൊരു സവർണ ഫാസിസ്റ്റ് ആയിട്ടാണ് അയാൾക്കങ്ങനെ സംസാരിക്കാൻ പറ്റുന്നത്. ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവർണരും സവർണ മനോഭാവമുള്ളവരും തന്നെയാണ്. അതിൽ നിന്നൊരു വ്യത്യാസമായിട്ടുള്ള ചലനമൊന്നും ഇന്ത്യയിൽ ഉണ്ടായിട്ടില്ലല്ലോ. വളരെ മോശമായ തരംതാണ വർത്തമാനമാണ് സുരേഷ് ഗോപി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഏറ്റവും താഴെതട്ടിലുള്ള ആദിവാസികൾ ഉയർന്നു വന്ന് അവരുടെ ഉന്നമനത്തിന് വേണ്ടി അവർ പ്രവർത്തിച്ചാൽ വിഹിതം കിട്ടുന്നത് ഇല്ലാതായിപോകുമെന്ന് ഇവരൊക്കെ ഭയക്കുന്നുണ്ടോ? അതുകൊണ്ടാണോ ഇങ്ങനെ പറഞ്ഞത്? ഏറ്റവും താഴെതട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണ്.” സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.