ടീസ്റ്റ സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും
സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും. നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ടീസ്തക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വിശദമായി വാദം കേട്ട ശേഷമമാണ് ജാമ്യം നൽകിയത്.
ചോദ്യം ചെയ്യലിനും തേളിവ് ശേഖരണത്തിനും പൊലീസിന് മതിയായ സമയം കിട്ടിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ടീസ്റ്റ സെതൽവാദിൻ്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും ഇക്കാര്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും ടീസ്തയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുന്നതിനിടെ, ഗുജറാത്ത് ഹൈക്കോടതിയെയും ഗുജറാത്ത് പൊലീസിനെയും രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമർശിച്ചത്.
ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതക കുറ്റമോ മറ്റോ അല്ല അവർ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ജയിലിലായിട്ട് രണ്ട് മാസത്തോളമായിട്ടും ഇതുവരെ കുറ്റപത്രം പോലും ഫയൽ ചെയ്തിട്ടില്ല. എഫ്ഐആറിലുള്ളത് സാക്കിയ ജാഫ്രിയുടെ കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കുന്നതിന് തടസ്സമാകുന്ന കുറ്റങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.