ഞാന്‍ സുരക്ഷിതന്‍, അന്വേഷിക്കേണ്ട; ഇസ്രായേലില്‍ കാണാതായ മലയാളി കര്ഷകന് കുടുംബവുമായി ബന്ധപ്പെട്ടു
ഇസ്രായേലില്‍ കാണാതായ മലയാളി കര്ഷകന് കുടുംബവുമായി ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും കാണാതായ ബിജു ഭാര്യക്ക് വാട്സാപ്പ് സന്ദേശം അയച്ചതായി കുടുംബം അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ആധുനിക കൃഷിരീതികള്‍ പരിശീലിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ച സംഘത്തിലെ അംഗമായിരുന്നു ബിജു.
27 കര്‍ഷകരുടെ സംഘത്തെയാണ് സംസ്ഥാനം അയച്ചത്. ഇസ്രയേലിലെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് 17-ാം തിയതി രാത്രിയാണ് ബിജുവിനെ കാണാതായത്. മറ്റൊരു ഹോട്ടലിലായിരുന്നു സംഘത്തിന് ഭക്ഷണം ക്രമീകരിച്ചിരുന്നത്. ഇതിനായി തയ്യാറാക്കിയ ബസില്‍ ബിജു കയറിയിരുന്നില്ല. പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു. പാസ്പോര്‍ട്ടും മറ്റു രേഖകളും അടങ്ങിയ ഹാന്‍ഡ് ബാഗ് ബിജുവിന്റെ കയ്യിലുണ്ടായിരുന്നുവെന്നാണ് സംഘത്തിലെ മറ്റുള്ളവര്‍ പറയുന്നത്.
കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ബിജുവിനെ കാണാതായ വിവരം അശോക് ഇന്ത്യന്‍ എംബസിയെയും അംബാസഡറെയും അദ്ദേഹം അറിയിച്ചു. ഇസ്രയേല്‍ പോലീസും അന്വേഷണം ആരംഭിച്ചു.