നാല് വര്‍ഷം മാത്രം സൈനിക സേവനം; ‘അഗ്നിപഥ്’നു തുടക്കമിട്ട് കേന്ദ്രം
ഇന്ത്യന്‍ സൈനിക സേവനങ്ങളില്‍ യുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ‘അഗ്നിപഥ്’ എന്ന പേരില്‍ സായുധ സേനകളുടെ റിക്രൂട്ട്മെന്റ് പദ്ധതികള്‍ക്കാണ് കേന്ദ്രം തുടക്കമിട്ടത്. നാല് വര്‍ഷത്തേക്ക് മാത്രമാണ് സൈന്യത്തിൽ ജോലി ചെയ്യാന്‍ അവസരമുണ്ടാകുക. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ ‘അഗ്നിവീര്‍’ എന്നായിരിക്കും അറിയപ്പെടുക.
പദ്ധതി അനുസരിച്ച് പതിനേഴര വയസിനും 21 വയസിനും ഇടയിലുള്ളവരെ സൈന്യത്തിലേക്ക് എടുക്കും. ഇത്തരത്തില്‍ 45,000 ആളുകളെയാണ് റിക്രൂട്ട് ചെയ്യുക. ആറ് മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും ഇവരുടെ നിയമനം. 30,000 – 40000 രൂപയായിരിക്കും ഇവരുടെ ശമ്പളം കൂടാതെ പ്രത്യേക അലവന്‍സുകളും അനുവദിക്കും.
നാല് വര്‍ഷം കഴിഞ്ഞാല്‍ ഇവരില്‍ 25 ശതമാനം പേരെ മാത്രം നിലനിര്‍ത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇവര്‍ക്ക് സാധാരണ സൈനികരായി ഓഫീസര്‍ റാങ്കില്ലാതെ 15 വര്‍ഷം കൂടി സേനയില്‍ തുടരാം. 11-12 ലക്ഷം രൂപയുടെ പാക്കേജുമായി ഇവര്‍ക്ക് സൈന്യത്തില്‍ നിന്നും വിരമിക്കാം. പിന്നീട് ഒരുതരത്തിലുമുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല.
ശമ്പള പെന്ഷന് ബില്ലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും ആയുധങ്ങള്‍ അടിയന്തരമായി വാങ്ങുന്നതിനുള്ള ഫണ്ടുകള്‍ സ്വതന്ത്രമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയിച്ചാല്‍ പ്രതിരോധ വാര്‍ഷിക ബജറ്റില്‍ നിന്ന് 5.2 ലക്ഷം കോടി ലഭിക്കാം.
ചരിത്രപരമായ തീരുമാനം എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇതിനെ വിശേഷിപ്പിച്ചത്. രണ്ടാഴ്ച്ച മുമ്പ് മൂന്ന് സേനാ തലവന്മാരും പ്രധാനമന്ത്രിയെ കണ്ട് പുതിയ പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.
പുതിയ പദ്ധതിയെ സംബന്ധിച്ച് വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. ഒരു സൈനികനെ മാത്രം പരിശീലിപ്പിക്കാന്‍ തന്നെ വര്‍ഷങ്ങള്‍ എടുക്കും. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നീക്കം സൈനികരുടെ മനോവീര്യം തകര്‍ക്കുമെന്നുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
Content Highlights – Central Government, Launched a scheme to provide opportunities to the youth in Indian Army