കൊള്ളപലിശക്കാർ കവർന്ന ജീവൻ ,ശാപം പേറുന്ന പലിശക്കാർ
തട്ടിപ്പറിച്ചുണ്ടാക്കുന്ന ഒരു മുതലും സന്തോഷത്തോടെ അനുഭവിക്കാൻ ഒരാൾക്കും ആകില്ല ….മറ്റൊരാളുടെ കണ്ണീരിനു വീണ പണം വാങ്ങുന്നവന്റെ ജീവൻ പൊള്ളിക്കും ….ഒരാളുടെ ജീവൻ നഷ്ടപ്പെടുത്തി നേടുന്ന അല്ലെങ്കിൽ അയാളെ മാനസികമായും ശാരീരീകമായും തകർക്കുന്ന രീതിയിലോ ആക്കി വാങ്ങുന്ന പണം എന്നും ശാപം പിടിച്ച പണമാണ് ….എപ്പോഴാണ് ഒരാൾ പണം കൊള്ളപലിശയ്ക്ക് വാങ്ങുന്നത്…. ഒരു നിവൃത്തിയും ഇല്ലാതാവുമ്പോൾ അല്ലെ… വേറെ ഒരു വഴിയും ഇല്ലാതെയാണ് ഇവൻ എന്നെ സമീപിച്ചിരിക്കുന്നത് എന്ന അറിയാതെ ഒരാൾക്ക് പണം കടം കൊടുക്കാൻ മാത്രം നിഷ്കളങ്കൻ ആയ ഏതു പലിശക്കാരൻ ഉണ്ട് നമ്മുടെ ചുറ്റുപാടിൽ ….ഓരോ പലിശക്കാരനും കൃത്യമായി അറിയാം ഗതികെട്ടിട്ടണ് ഈ കേട്ടാൽ പേടിക്കുന്ന പലിശയ്ക്ക് പണം കടം വാങ്ങാൻ ഇവൻ വന്നിരിക്കുന്നത് എന്ന് …പറഞ്ഞു വരുന്നത്
കൊള്ളപലിശക്കാരുടെ ഭീഷണിയെ തുടർന്ന് തൃശൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവത്തെ കുറിച്ചാണ് .. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്…കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചാണ് ആത്മഹത്യ. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയിൽ നിന്ന് വാങ്ങി. ഒന്നരവര്‍ഷത്തിനിടെയാണ് 40 ലക്ഷം രൂപ മുസ്തഫ തിരികെ നല്‍കിയത്….പലിശ കൊടുക്കാന്‍ വേണ്ടി മറ്റുള്ളവരില്‍ നിന്ന് മുസ്തഫക്ക് കടം വാങ്ങേണ്ടി വന്നിരുന്നു. ഗുരുവായൂരില്‍ ഫാന്‍സി കടയും ചായക്കടയും നടത്തുകയായിരുന്നു മുസ്തഫ. കട നടത്താന്‍ വേണ്ടിയാണ് മുസ്തഫ കടം വാങ്ങിയത്. പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.
കൂടാതെ സ്ഥലവും കൊള്ള പലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. പരാതി നൽകിയിട്ടും കൊള്ള പലിശക്കാർക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു… പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മർദ്ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മകനും അനുജനും പറഞ്ഞു…ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടുക്കണം. അതിൽ 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് മർദിച്ചിട്ടുണ്ട്. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഭീഷണിപ്പെടുത്തി മർദിച്ചിട്ടുണ്ട് സഹോദർൻ ഹക്കിം പറഞ്ഞു…
നിയമത്തിൽ പറഞ്ഞിട്ടുള്ള പലിശ നിരക്കിനേക്കാൾ കൂടുതലായി ഈടാക്കിയ തുക കണ്ടുകെട്ടാനും, അത് വായ്പയെടുത്തയാൾക്ക് തിരികെ നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട് KMLA സെക്ഷൻ 18D.
കോടതിയെ സമീപിക്കൽ: അമിത പലിശ നൽകേണ്ടി വന്നയാൾക്ക് യഥാർത്ഥത്തിൽ കിട്ടിയ തുകയും, നിയമപരമായി നൽകേണ്ട പലിശയും മാത്രം തിരിച്ചടക്കാൻ സന്നദ്ധത അറിയിച്ച് കോടതിയെ സമീപിക്കാം. അതുപോലെ, പലിശക്കാരുടെ കൈവശമുള്ള വസ്തു രേഖകൾ തിരികെ ആവശ്യപ്പെടാനും കോടതിക്ക് ഉത്തരവിടാൻ കഴിയും.
ഇന്ത്യയിൽ പലിശയ്ക്ക് പണം കൊടുക്കുന്നത് – നിയമപരമായ ചട്ടക്കൂട് നിലവിലുണ്ട്
പലിശയ്ക്ക് പണം നൽകുന്നത് നിയമപരമായി സാധുവാണെങ്കിലും അത് പൂർണ്ണമായും നിയന്ത്രിതമാണ് (Fully Regulated).
1. നിയമപരമായ പണമിടപാടുകാർ
പണമിടപാട് നടത്തുന്നവരെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം:
വിഭാഗം നിയമപരമായ സാധുത നിയന്ത്രണാധികാരി
സ്ഥാപിത ധനകാര്യ സ്ഥാപനങ്ങൾ ബാങ്കുകൾ, NBFCs, P2P പ്ലാറ്റ്ഫോമുകൾ പൂർണ്ണമായും സാധുവായത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
മറ്റൊന്ന് സ്വകാര്യ പണമിടപാടുകാർ (Private Money Lenders) നിയന്ത്രണങ്ങളോടെ സാധുവായത്.
ഇനി തോന്നുന്ന ആർക്കും ഇഷ്ടം പോലെ സ്വകാര്യ പണമിടപാടുകാർ നടത്താൻ സാധിക്കുമോ….ഒരിക്കലുമില്ല സ്വകാര്യ പണമിടപാടിനും കൃത്യമായ ചട്ടകൂടുണ്ട് …ഒരു വ്യക്തി പണമിടപാട് ഒരു ബിസിനസ്സായി ചെയ്യുമ്പോൾ, നിയമപരമായി നിലനിൽക്കുന്നതിന് ലൈസൻസ് നിർബന്ധമാന് …അല്ലാത്തപക്ഷം പണം നൽകിയ വ്യക്തി ഇന്ത്യൻ നിയമവ്യവസ്ഥ ലംഘിച്ചതായി കണക്കാക്കപ്പെടും …സംസ്ഥാന സർക്കാരിൽ നിന്ന് പണമിടപാട് ലൈസൻസ് എടുക്കേണ്ടത് നിർബന്ധമാണ്..ലൈസൻസ് ഇല്ലാത്ത ഇടപാടുകൾ നിയമവിരുദ്ധമായി കണക്കാക്കാം.
ഓരോ സംസ്ഥാനത്തെയും Money Lenders Acts അനുസരിച്ച് ഈടാക്കാവുന്ന പലിശയ്ക്ക് ഒരു പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട് .
ഈ പരിധി ലംഘിച്ച് അമിത പലിശ (കൊള്ളപ്പലിശ) ഈടാക്കുന്നത് ക്രിമിനൽ കുറ്റമാണ്.
വായ്പാ കരാറുകൾ, പലിശ നിരക്ക്, തിരിച്ചടവ് വ്യവസ്ഥകൾ എന്നിവ പ്രോമിസറി നോട്ട് പോലുള്ള നിയമപരമായ രേഖകളിൽ വ്യക്തമായി എഴുതി സൂക്ഷിക്കണം..നിയമം അനുശാസിക്കുന്ന ലൈസൻസും പലിശ നിരക്ക് പരിധിയും കർശനമായി പാലിക്കുമ്പോൾ മാത്രമേ സ്വകാര്യ പണമിടപാടുകൾ നിയമപരമായി സാധുവാകുകയുള്ളൂ. ഈ നിയമങ്ങൾ ലംഘിക്കുന്നതാണ് കൊള്ളപ്പലിശ, അത് നിയമനടപടികൾക്ക് കാരണമാകും.
ഇനി പറയുന്നത് പൊതു അറിവിലേക്കാണ് നിയമപരമായി അനുവദിച്ചതിലും കൂടുതൽ പലിശ ഈടാക്കുന്നവർക്ക് ഈ നിയമപ്രകാരം:
മൂന്ന് വർഷം വരെ തടവോ, അമ്പതിനായിരം രൂപ വരെ പിഴയോ,അല്ലെങ്കിൽ രണ്ടും ഒരുമിച്ച് അതായത് തടവും പിഴയും ഒരുമിച്ചോ ലഭിക്കാവുന്നതാണ്…കൂടാതെ, അമിത പലിശയ്ക്ക് നൽകിയ പണം തിരികെ പിടിക്കുന്നതിനായി ഭീഷണിപ്പെടുത്തുകയോ, ബലം പ്രയോഗിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള (IPC) മറ്റു വകുപ്പുകളും ബാധകമായേക്കാം.കൊള്ളപ്പലിശക്കാരിൽ നിന്ന് ബുദ്ധിമുട്ട് നേരിടുന്നവർ പേടി കൂടാതെ ഉടൻ തന്നെ പോലീസിലോ, ധനകാര്യ വകുപ്പിലോ പരാതി നൽകേണ്ടതാണ്.













