ഒറ്റയടിക്ക് അമ്മയുടെ തലയില്‍ 14 തുന്നലുള്ള മുറിവുണ്ടായി
പ്രതി സാമിന് ഇപ്പോഴും ആരെയും കൂസാക്കാത്ത ഭാവമെന്ന് പൊലീസ്

കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിൽ പിതാവിനെതിരെ ആരോപണവുമായി ജെസ്സിയുടെ മകൻ
ഭർത്താവ് സാം അമ്മയെ വളരെയധികം ഉപദ്രവിച്ചിരുന്നു. ഒറ്റയടിക്ക് അമ്മയുടെ തലയില്‍ 14 തുന്നലുള്ള മുറിവുണ്ടായെന്നും, അമ്മ ബോധംകെട്ടു വീണുവെന്നും മകൻ വെളിപ്പെടുത്തുന്നു .മക്കളായ ഞങ്ങളെപ്പോലും തിരിച്ചറിയാനാകാതെ 4 മാസം അമ്മ ആശുപത്രിയില്‍ കഴിഞ്ഞുവെന്നും ഇളയ മകൻ സാന്റോ. ആ സംഭവം നടക്കുമ്ബോള്‍ തനിക്ക് അന്ന് 8 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സാന്റോ പറയുന്നു.
അമ്മയുടെ കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം മുറിയിലിട്ട് പൂട്ടുമായിരുന്നു. ഞങ്ങള്‍ വലുതായതോടെ പേടിച്ചിട്ടാകാം അമ്മയെ ഉപദ്രവിക്കുന്നത് അയാള്‍ കുറച്ചു. അമ്മ തനിച്ചാവാതിരിക്കാനായി എന്റെ പഠനം കഴിഞ്ഞിട്ടും ഞാൻ നാട്ടില്‍തന്നെ നിന്നു. എല്ലാവരും കൂടെ നിർബന്ധിച്ചിട്ടാണ് ദുബായില്‍ ജോലിക്കു പോയത്. അപ്പോഴാണ് അയാള്‍ അമ്മയുടെ ജീവനെടുത്തത് ‘, സാന്റോ പറഞ്ഞു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ ഭർത്താവ് സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയത്.
ഇടുക്കി ഉടുമ്ബന്നൂർ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യമായി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് ജെസിയുടെ കൊലപാതകത്തിന് സാം തയാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങൾക്കു മുൻപ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങൾ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു.
തുടർന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.രാത്രി വൈകിയും സഞ്ചാരികൾ വാഹനം നിർത്തിയിറങ്ങി നിൽക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാൽ പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി ചെപ്പുകുളത്ത് എത്തിയത്. നാട്ടിൽനിന്നു മുങ്ങിയ സാമിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസും നീങ്ങി.
തൊടുപുഴയിൽ ഇയാൾ എത്തിയതായി വ്യക്തമായെങ്കിലും പൊലീസ് എത്തുന്നതിനും മുൻപേ വിദേശ വനിതയ്ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു. 50 താഴ്ചയിൽ ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ഇന്നലെ വൈകിട്ട് ആറരയോടെ തൊടുപുഴ അഗ്നിരക്ഷാസേന എത്തിയാണ് മുകളിലെത്തിച്ചത്. തുടർന്ന് അവിടെത്തന്നെ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കുറവിലങ്ങാട് പൊലീസിനൊപ്പം കരിമണ്ണൂർ പൊലീസും സ്ഥലത്ത് എത്തിയാണ് നടപടികൾ സ്വീകരിച്ചത്.
അതേസമയം മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് കൊക്കയില്‍ തള്ളിയ സാം കെ ജോര്‍ജിന് ഇപ്പോഴും ആരെയും കൂസാക്കാത്ത ഭാവമെന്ന് പൊലീസ്. ‘അവള് കൊല്ലപ്പെടേണ്ടവളാണ്’ എന്നായിരുന്നു ചോദ്യം ചെയ്യലില്‍ സാമിന്റെ പ്രതികരണം. കൊലക്കുറ്റത്തിന് പിടിയിലായെങ്കിലും സാമിന്റെ ക്രൂര മനോഭാവത്തില്‍ മാറ്റമില്ലെന്നും ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോട് ഇയാള്‍ പ്രതികരിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. സാം ജോര്‍ജിന്റെ കാറില്‍ നിന്നും രക്തക്കറയും ജസിയുടേത് എന്ന് കരുതുന്ന മുടിയും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ പ്രാഥമിക പരിശോധനയില്‍ കാറില്‍ നിന്ന് കണ്ടെത്തിയ വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതി സാം 59–ാം വയസ്സിലാണ് ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സിന് എംജി യൂണിവേഴ്സിറ്റിയിൽ ചേർന്നത്. അവിടെ സഹപാഠിയായ ഇറാൻ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയിൽ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാൾ വീട്ടിൽ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു.പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകൾനിലയിൽ കഴിഞ്ഞിരുന്നത്.