സംസ്ഥാനത്ത് അരങ്ങേറുന്ന പൊലീസ് മർദനത്തിൽ പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

സംസ്ഥാനത്ത് അരങ്ങേറുന്ന പൊലീസ് മർദനത്തിൽ പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. ചർച്ചക്ക് തുടക്കംകുറിച്ച പ്രതിപക്ഷാംഗം റോജി എം. ജോൺ, പൊലീസിനെ നിയന്ത്രിക്കാത്ത പിണറായി സർക്കാറിനെയും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കുറ്റപ്പെടുത്തി. പൊലീസിനെ നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രിക്ക് സാധിക്കുന്നില്ലെന്ന് റോജി എം. ജോൺ കുറ്റപ്പെടുത്തി .
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്ത് നേരിട്ടത് അതിക്രൂര പീഡനമാണെന്ന് റോജി പറഞ്ഞു. പൊലീസ് മർദനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ ശ്രമം നടന്നു. കേസ് ഒതുക്കാനായി സി.സി.ടിവിക്ക് മുമ്പിൽ നിന്ന് പൊലീസ് കാശ് എണ്ണി വാങ്ങി. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചീച്ചി, കുണ്ടറ പൊലീസ് മർദനങ്ങളും റോജി സഭയിൽ ചൂണ്ടിക്കാട്ടി.1977 മാർച്ച് 30ന് അന്നത്തെ എം.എൽ.എയായിരുന്ന പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പഴയ പ്രസംഗവും റോജി എം. ജോൺ ഓർമിപ്പിച്ചു. ‘അവർ രണ്ട് പേർ ആദ്യ റൗണ്ട് അടിച്ചു. സി.ഐ അടക്കം മൂന്നു പൊലീസുകാർ പിന്നീട് കടന്നു വന്നു. അങ്ങനെ അഞ്ചായി. അഞ്ച് ആളുകളിട്ട് തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പലപ്രാവശ്യം വീണു. പലപ്രാവശ്യം എണീറ്റു. അവസാനം എണീക്കാൻ വയ്യാത്ത അവസ്ഥയായി. പൂർണമായും വീണു. എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിൽ അവരെല്ലാം കൂടി മാറി മാറി ദേഹത്ത് ചവിട്ടി. അവർ ക്ഷീണിക്കുന്നത് വരെ തല്ലി. പത്ത്, പതിനഞ്ച്, ഇരുപത് മിനിറ്റ്, എന്നിട്ട് അവർ പോയി’ – ഇതായിരുന്നു പിണറായിയുടെ പ്രസംഗം.