നാടകീയ സംഭവങ്ങളെ തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

നാടകീയ സംഭവങ്ങളെ തുടർന്ന് ഇറ്റലിയിലെ മിലാനില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന റയാൻ എയർ വിമാനം പാരീസില്‍ അടിയന്തര ലാൻഡിംഗ് നടത്തി.മിലാനില്‍ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനത്തിലെ ഒരു യാത്രക്കാരൻ പാസ്പോർട്ടിലെ പേജുകള്‍ കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു യാത്രക്കാരൻ പാസ്പോർട്ട് ശുചിമുറിയില്‍ കളയാൻ ശ്രമിക്കുകയും ചെയ്തു. രണ്ടുപേരുടെയും വിചിത്രമായ പെരുമാറ്റത്തെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.
വിമാനം പറന്നുയർന്ന് മിനിറ്റികള്ക്കുള്ളിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നതെന്ന് യാത്രക്കാർ പറഞ്ഞു. ”മുൻവശത്ത് ഇരുന്ന യാത്രക്കാരനാണ് തന്റെ പാസ്പോർട്ടിലെ പേജുകള്‍ കീറിമുറിച്ച് കഴിച്ചത്. ഇത് മറ്റു യാത്രക്കാരെ ആശങ്കയിലാഴ്ത്തി. പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ വേഗത്തില്‍ ശുചിമുറിയിലേക്ക് ഓടിക്കയറി പാസ്പോർട്ട് അവിടെ ഉപേക്ഷിക്കാൻ ശ്രമിച്ചു. വിമാനത്തിലെ ജീവനക്കാർ ശുചിമുറിയുടെ വാതില്‍ തുറക്കാൻ അയാളോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നാലെ വിമാനം അടിയന്തരമായി പാരിസില്‍ ലാൻഡ് ചെയ്യുകയായിരുന്നു-” വിമാനത്തിലെ ഒരു യാത്രക്കാരൻ പറഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് വിമാനത്തിലുണ്ടായിരുന്ന ആർക്കും അപ്പോള്‍ മനസ്സിലായിരുന്നില്ലെന്നും യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. വിമാനം പാരിസില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് അധികൃതർ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഇരുവരുടെയും അസാധാരണമായ പെരുമാറ്റത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.
മിലാനില്‍ നിന്നും യാത്രതുടങ്ങി 15 മിനിറ്റിനുള്ളില്‍ വിമാനം പാരിസില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. തുടർന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് വിമാനം വീണ്ടും യാത്ര തുടങ്ങിയത്. ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.