ശാപമോക്ഷവും കാത്ത് റാന്നി മണ്ഡലത്തിൽപെട്ട പുതുക്കട മുതൽ മണക്കയം പാലം വരെയുള്ള ഭാഗം

കോന്നി, റാന്നി മണ്ഡലങ്ങളെ തമ്മിൽ ബന്ധിക്കുന്ന ചിറ്റാർ–പുതുക്കട റോഡിന്റെ മണക്കയം മുതൽ ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്തെ റോഡ് നിർമാണം ആരംഭിച്ചു. ശാപമോക്ഷവും കാത്ത് റാന്നി മണ്ഡലത്തിൽപെട്ട പുതുക്കട മുതൽ മണക്കയം പാലം വരെയുള്ള ഭാഗം. ശബരിമല സമാന്തര പാതയിൽ ഉൾപ്പെട്ട ചിറ്റാർ–പുതുക്കട റോഡിലൂടെ ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് പോകുന്നത്. ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ ഭാഗത്തുള്ളവർക്കു ജില്ലാ ആസ്ഥാനത്തേക്കു പോകുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന ഈ റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ ഏറെയായി.
റോഡ് ഉന്നത നിലവാരത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കാനുള്ള നടപടികൾ പൂർത്തിയായതായി പ്രമോദ് നാരായൺ എംഎൽഎയും കെ.യു ജനീഷ്കുമാർ എംഎൽഎയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോന്നി മണ്ഡലത്തിൽപെട്ട മണക്കയം പാലം മുതൽ ചിറ്റാർ വരെയുള്ള ഭാഗത്തെ റോഡ് പുനരുദ്ധാരണ ജോലികൾ മാത്രമാണ് ഇതുവരെ നടന്നത്. വെള്ളം പോകുന്നതിനു റോഡിന്റെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കുക്കുന്നതും കരിങ്കൽ സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലികളും ധ്രുതഗതിയിൽ മുന്നേറുന്നു. വരുന്ന മാസത്തിനു മുൻപായി സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാക്കി ടാറിങ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.