പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ടു കൊന്നു
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സത്യയാണു (20) കൊല്ലപ്പെട്ടത്. ആദംബാക്കം സ്വദേശി സതീഷ് (23) ആണ് വിദ്യാര്‍ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ടത്. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
കഴിഞ്ഞ കുറച്ച് നാളുകളായി സത്യയുടെ പിന്നാലെ നടന്ന് സതീഷ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ടി നഗര്‍ സ്വദേശിനിയായ സത്യയുടെ പിതാവ് ഒരു പോലീസ് കോണ്‍സ്റ്റബിളാണ്. ഉച്ചക്ക് കോളജില്‍ നിന്നു സത്യ വീട്ടിലേക്കു മടങ്ങാനായി സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സതീഷ് പിന്നാലെയെത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്ക് സത്യയെ സതീഷ് തള്ളിയിട്ടത്. ട്രാക്കില്‍ വീണ സത്യ തല്‍ക്ഷണം മരിച്ചു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ സതീഷിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.