കോര്പറേഷനിലെ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ചോദിച്ചെന്ന് ആരോപണം; മേയര് ആര്യ രാജേന്ദ്രന് വിവാദത്തില്
തിരുവനന്തപുരം കോര്പറേഷനിലെ താല്ക്കാലിക നിയമനങ്ങള്ക്കായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് മേയര് ആര്യ രാജേന്ദ്രന് പട്ടിക ചോദിച്ചതായി ആരോപണം. മേയറുടെ ലെറ്റര്ഹെഡിലുള്ള കത്തും പുറത്തു വന്നിട്ടുണ്ട്. സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില് നഗരസഭയിലെ 295 താല്ക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നുണ്ടെന്നും ഉദ്യോഗാര്ത്ഥികളുടെ മുന്ഗണനാപ്പട്ടിക നല്കണമെന്നുമാണ് പറയുന്നത്.
കത്ത് പുറത്തു വന്നതിനു പിന്നാലെ മേയര്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. സ്വന്തം പാര്ട്ടിയില് പെട്ടവരെ കോര്പറേഷന് തസ്തികകളില് തിരുകിക്കയറ്റാനാണ് ശ്രമമെന്നും മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം കത്തയച്ചിട്ടില്ലെന്നാണ് മേയര് പ്രതികരിച്ചത്.
മേയര് നിഷേധിക്കുകയാണെങ്കില് സൈബര് സെല്ലില് പരാതി നല്കി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. സംഭവത്തില് കോര്പറേഷന് ഓഫീസില് പ്രതിഷേധം തുടരുകയാണ്. ഓഫീസിലേക്ക് തള്ളിക്കയറിയ യൂത്ത് കോണ്്ഗ്രസ് പ്രവര്ത്തകരെ പോലീസ് നീക്കം ചെയ്തു.