ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ട്; രണ്ടു കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു
റൂറല്‍ ജില്ലയില്‍ രണ്ട് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു. മലയാറ്റൂര്‍ കാടപ്പാറ കൊമാട്ടില് വീട്ടില്‍ അരുണ്‍ (കുരുവി 26) വാഴക്കുളം ചേന്നാട്ട് വീട്ടില്‍ സന്സല് (കണ്ണന് 21) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടി.
കാലടി പോലീസ് സ്റ്റേഷന് പരിധിയില്‍ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം ഉള്‍പ്പടെ പത്തോളം കേസുകളിലെ പ്രതിയാണ് അരുണ്‍. വാഴക്കുളം, മൂവാറ്റുപുഴ, രാമപുരം സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉള്‍പ്പടെ ഏഴു കേസുകളില്‍ പ്രതിയാണ് സന്സല്. കഴിഞ്ഞ ഒക്ടോബറില്‍ രാമപുരം സ്റ്റേഷന് പരിധിയില്‍ കൊലപാതക ശ്രമകേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാളെ കാപ്പ ചുമത്തി ജയിലിലടച്ചത്.
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 66 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 42 പേരെ നാടു കടത്തി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് എസ്.പി വിവേക് കുമാര്‍ പറഞ്ഞു.