ഹര്‍ത്താലിനിടെ ബേക്കറിക്കു നേരെ കല്ലെറിഞ്ഞ രണ്ടു പേര് പിടിയില്‍; സംസ്ഥാനത്തൊട്ടാകെ പിടിയിലായവരുടെ എണ്ണം 1404

വെള്ളിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ബേക്കറിക്ക് കല്ലെറിഞ്ഞ രണ്ടു പേര് പിടിയില്‍. കോട്ടയം, കോട്ടമുറിയിലെ ബേക്കറിക്കു നേരെയാണ് കല്ലേറുണ്ടായത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ മറ്റം സ്വദേശി നസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തി ഇവര്‍ കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
തെള്ളകത്ത് കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലും രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പായിക്കാട് സ്വദേശി ഷാഹുല്‍ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവര്‍ അറസ്റ്റിലായത്. ഏറ്റുമാനൂര്‍ പോലീസാണ് രണ്ടു സംഭവങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം 1404 ആയി.
309 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 834 പേരെ ഹര്‍ത്താലിനോട് അനുബന്ധിച്ച് കരുതല്‍ തടങ്കലിലാക്കിയിരുന്നു. മലപ്പുറത്ത് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകളെടുത്തത് ഇവിടെയാണ്.