സിപിഎം ഓഫീസ് ആക്രമണം; ബൈക്കുകള്‍ കണ്ടെത്തിയത് എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന്
സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസില്‍ കല്ലെറിഞ്ഞ പ്രതികള്‍ സഞ്ചരിച്ച ബൈക്കുകള്‍ ഒളിപ്പിച്ചത് എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍. ഒളിപ്പിച്ച നിലയിലായിരുന്ന ബൈക്കും സ്കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നു വാഹനങ്ങളിലാണ് പ്രതികള്‍ എത്തിയത്. ഇവയില്‍ രണ്ടു വാഹനങ്ങളാണ് തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളായ എ.ബി.വി.പി. പ്രവര്‍ത്തകരുടെ ഫോണുകളും ഓഫീസില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോളാണ് ബൈക്കുകള്‍ എവിടെയാണെന്ന് വ്യക്തമായത്. മൂന്നാമത്തെ വാഹനനത്തിനായി പോലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ ഇന്ന് കീഴടങ്ങിയിരുന്നു. മൂന്നു പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മേട്ടുക്കടയിലുള്ള സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. ജില്ലാ സെക്രട്ടറിയുടെ വാഹനത്തിന്റെ ചില്ലും കല്ലേറില്‍ തകര്‍ന്നു.
വഞ്ചിയൂരിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെയും കല്ലേറുണ്ടായി. വാഹനത്തിലെത്തിയ ഒരു സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോര്‍ച്ചിലുണ്ടായിരുന്ന വാഹനത്തിനും കേടുപാടുകളുണ്ടായി.