മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞ് ഉമാ ഭാരതി; മധ്യപ്രദേശില്‍ മദ്യനിരോധനം വേണമെന്ന് ആവശ്യം
മധ്യപ്രദേശില്‍ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മദ്യശാലയിലേക്ക് ചാണകം വലിച്ചെറിഞ്ഞ് ബിജെപി നേതാവ് ഉമാ ഭാരതി. നിവാരി ജില്ലയിലെ ഓര്ച്ഛയിലാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമാഭാരതിയുടെ പ്രതിഷേധം. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം വേണമെന്നാണ് ഇവരുടെ ആവശ്യം.
അനുമതിയുള്ള സ്ഥലത്തല്ല മദ്യശാല പ്രവര്‍ത്തിക്കുന്നതെന്നും പുണ്യനഗരമായ ഓര്‍ച്ഛയില്‍ ഇത്തരമൊരു ഔട്ട്ലെറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണെന്നും അവര്‍ പിന്നീട് ട്വീറ്റ് ചെയ്തു. എന്നാല്‍ മദ്യശാല പ്രവര്‍ത്തിക്കുന്നത് അനുമതിയുള്ള സ്ഥലത്താണെന്ന് പോലീസ് വ്യക്തമാക്കി.
ഭോപ്പാലില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ച്ഛ നഗരത്തിലാണ് രാം രാജ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മദ്യശാലയിലേക്ക് ഉമാഭാരതി ചാണകം വലിച്ചെറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
താന്‍ ചാണകമാണ് എറിയുന്നതെന്നും കല്ലെറിയുകയല്ലെന്നും ദൃശ്യം ചിത്രീകരിക്കുന്നയാളോട് ഉമാഭാരതി പറയുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഉമാഭാരതി ഒരു മദ്യശാലയിലേക്ക് കല്ലെറിഞ്ഞ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
Content Highlights: Uma Bharati, Cow dung, BJP, Liqour Shop