നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; പുതിയ കുറ്റം നിലനില്‍ക്കുമെന്ന് വിചാരണക്കോടതി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടിയായി വിചാരണക്കോടതി വിധി. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധിച്ചു. തെളിവു നശിപ്പിച്ചുവെന്നതാണ് പുതിയ കുറ്റം. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുഹൃത്ത് ശരത്തും നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി. ദിലീപും ശരത്തും ഹാജരാകണമെന്നും കോടതി അറിയിച്ചു.
ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ദിലീപിന്റെയും ശരത്തിന്റെയും വാദം. ബാലചന്ദ്രകുമാര്‍ നല്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതാണന്നും പ്രതികള്‍ ആരോപിച്ചിരുന്നു.
ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ നീക്കിയതാണ് കുറ്റം. മുംബൈയിലെ ലാബിലും സ്വകാര്യ ഹാക്കറെയും ഉപയോഗിച്ച് ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് പറയുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ശരത്തിന് ലഭിച്ചിരുന്നെന്നും അത് ഒളിപ്പിക്കുകയായിരുന്നു എന്നുമാണ് കണ്ടെത്തല്‍.