കോവളത്ത് ലാത്വിയന്‍ വനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ചൊവ്വാഴ്ച
കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ ലാത്വിയന്‍ വനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ചൊവ്വാഴ്ച. തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി ഒന്നില്‍ ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയായി. വെള്ളാര്‍ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാര്‍ (24) എന്നിവരാണ് പ്രതികള്‍.
കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാല്‍സംഗം, തെളിവു നശിപ്പിക്കല്‍, ലഹരിമരുന്നു നല്കി ഉപദ്രവം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായെന്നും പ്രോസിക്യൂഷന് പറഞ്ഞു.
പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം പറഞ്ഞു.