ബോള്‍ഗാട്ടിയില്‍ അനധികൃത കെട്ടിട നിര്‍മാണം; എം ജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് വിജിലന്‍സ് കോടതി
കൊച്ചി ബൊള്‍ഗാട്ടി പാലസിനു സമീപം അനധികൃതമായി കെട്ടിടം നിര്‍മിച്ച സംഭവത്തില്‍ പിന്നണി ഗായകന് എം ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമം അനുസരിച്ച് അന്വേഷണം നടത്താനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. തീരദേശ സംരക്ഷിത മേഖലയില്‍ കെട്ടിടം പണിതെന്നു കാട്ടി ഗിരീഷ് കുമാര്‍ എന്നയാള്‍ നല്കിയ പരാതിതിയിലാണ് നടപടി.
ജൂലൈയില്‍ വാദം പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ വിധി പറയാന്‍ മാറ്റിയിരുന്ന കേസില്‍ ഇന്നാണ് വിധി പറഞ്ഞത്. നേരത്തേ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ട കേസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍എസ്ജി ട്രൈബ്യൂണല്‍ പരിഗണിച്ചാല്‍ മതിയെന്നു വിജിലന്‍സ് പ്രോസിക്യൂഷന് അഡീഷനല്‍ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ പരാതിക്കാരന് ഇതിനെതിരെ കോടതിയില്‍ ആക്ഷേപ ഹര്‍ജി നല്കി. കോടതിക്ക് നിയമോപദേശം നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.