മത്സ്യത്തൊഴിലാളി പ്രതിഷേധം ശക്തം; വിഴിഞ്ഞം തുറമുഖം നിര്മാണം നിര്ത്തിവെച്ചു
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ വിഴിഞ്ഞം തുറമുഖം നിര്മാണം നിര്ത്തിവെച്ചു. ഇന്നത്തേക്ക് നിര്മാണ പ്രവര്ത്തനങ്ങള് നിര്ത്തി വെക്കുകയാണെന്ന് അദാനി പോര്ട്സ് അധികൃതര് അറിയിച്ചു. മത്സ്യത്തൊഴിലാളികള് ഉപരോധിച്ചതിനാല് നിര്മാണ സാമഗ്രികള് തുറമുഖത്തേക്ക് കൊണ്ടുവരാന് സാധിച്ചിരുന്നില്ല. ഇതേത്തുടര്ന്നാണ് നിര്മാണം നിര്ത്തിയത്.
തുറമുഖ നിര്മാണം തീരശോഷണത്തിന് കാരണമാകുകയാണെന്ന് ചൂണ്ടിക്കാട്ടി ലത്തീന് കത്തോലിക്കാ സഭയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള് സമരം നടത്തിയത്. തുറമുഖത്തിന്റെ പ്രധാന കവാടം മത്സ്യത്തൊഴിലാളികള് ഉപരോധിച്ചു. സമരം ഈ മാസം അവസാനം വരെ തുടരുമെന്ന് സഭാ നേതൃത്വം അറിയിച്ചു.
തുറമുഖത്തിന്റെ നിര്മാണം നിര്ത്തിവെച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. സര്ക്കാര് ഇതുവരെ ചര്ച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര് പറയുന്നു.
തുറമുഖ നിര്മാണം നിര്ത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കുക, കടലാക്രമണത്തില് വീടുകള് നഷ്ടപ്പെട്ടവര്ക്കു പുനരധിവാസം ഉറപ്പാക്കുക, ക്യാംപുകളില് കഴിയുന്നവരുടെ പുനരധിവാസം, നഷ്ടപ്പെട്ട വീടിനും വസ്തുവിനും നഷ്ടപരിഹാരം, കുറഞ്ഞ വിലയ്ക്കു മണ്ണെണ്ണ നല്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണു മത്സ്യത്തൊഴിലാളികള് ഉയര്ത്തുന്നത്.