തിരുവനന്തപുരത്ത് സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയില്‍
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന രാജേഷ് എന്നയാളാണ് പിടിയിലായത്. റോഡില്‍ വെട്ടേറ്റു കിടന്ന സ്ത്രീയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
പത്തനംതിട്ട സ്വദേശിയാണ് രാജേഷ്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.
തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം ആരംഭിക്കുകയും ചെയ്തിരുന്നു. രാജേഷിനെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്.