സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് കേസ്; യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട് വില്ലുപുരം തിരുവണ്ണനല്ലൂര്‍ ചന്ദ്രു (19) വിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവയില്‍ താമസിക്കുന്ന പതിനാറുകാരിയായ തമിഴ്നാട് സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
കഴിഞ്ഞ സെപ്തംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ചന്ദ്രു എന്നയാളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് തെളിഞ്ഞു. ആലുവ പോലീസ് അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ചന്ദ്രുവിന്റെ അച്ഛന് ചന്ദ്രുവിനെ കാണാനില്ലെന്ന് പറഞ്ഞ് തിരുവണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പത്രമാധ്യമങ്ങളിലൂടെ പരസ്യവും നല്കി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.
പിടികൂടാതിരിക്കാന്‍ ചന്ദ്രു പെണ്‍കുട്ടിയെ കൂട്ടി പലസ്ഥലങ്ങളിലായി മാറി താമസിച്ചു. യുവാവിന്റെ വീട്ടുകാരുടെ ഒത്താശയോടെയായിരുന്നു ഇത്. ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്ത് ചന്ദ്രുവിന്റെ അച്ഛനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂരിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് യുവാവിനെ പിടികൂടുന്നത്. ഒപ്പം പെണ്‍കുട്ടിയും ഉണ്ടായിരുന്നു.
അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എല്‍.അനില്കുമള്, എസ്.ഐ സി.ആര്.ഹരിദാസ്, എസ്.സി.പി.ഒ ഷൈജ ജോര്‍ജ്, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, എച്ച്.ഹാരിസ്, കെ.ആര്.രാഹുല്‍, മുഹമ്മദ് അമീര്‍, കെ.ആര്.മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ചന്ദ്രുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.