വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ റിമാന്‍ഡില്‍. ഫര്സീന് മജീദ്, നവീന്‍ കുമാര്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. 27-ാം തിയതി വരെയാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവര്‍ നല്കിയ ജാമ്യ ഹര്‍ജിയില്‍ കോടതി നാളെ വാദം കേള്‍ക്കും. വധശ്രമം, വിമാന സുരക്ഷയ്ക്ക് ഹാനി വരുത്തല്‍, ഗൂഢാലോചന, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
കേസിലെ മൂന്നാം പ്രതി സുനീത് കുമാര്‍ ഒളിവിലാണ്. വിമാനത്തില്‍ നടന്ന സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. സുനീതിനു വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്മാന് നല്കിയ പരാതിയില്‍ വലിയതുറ പോലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റും മുട്ടന്നൂര് എയുപി സ്കൂള്‍ അധ്യാപകനുമായ ഫര്സീന് മജീദിനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
രക്ഷിതാക്കള്‍ കൂട്ടമായി ടിസി ആവശ്യപ്പെടുകയും ഡിഡിഇ സ്കൂളില്‍ പരിശോധന നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായെന്ന വിവരത്തെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Content Highlights: Youth Congress, Chief minister, Indigo, Flight