ജീവൻ നൽകുന്നത് ദൈവമാണെങ്കിൽ ആദിക്ക്, വിഷ്ണു ദൈവം തന്നെയാണ്

കൂടപ്പിറപ്പാവണമെങ്കി ഒരമ്മയുടെ വയറ്റിൽ ജനിക്കാണോ ,രക്തബന്ധം ആവണമെങ്കിൽ സിരയിലൂടെ ഓടുന്നത് ഒരേ രക്തം ആവണോ…ജീവൻ നൽകുന്നത് ഈശ്വരൻ ആണോ …..അങ്ങിനെയെങ്കിൽ ആദി എന്ന പതിനേഴു വയസുകാരൻ കണ്ടത് ദൈവത്തെ തന്നെയായിരുന്നു ….
മനസ്സുനിറഞ്ഞൊരു കൂടിക്കാഴ്ചയായിരുന്നു അത്. ആദിയും വിഷ്ണുവും പുണർന്നപ്പോള്‍ കൂടെയുള്ളവരുടെ കണ്ണുനിറഞ്ഞു. മകന് ജീവിതം നല്കിയവനെ അമ്മ ദിവ്യയും ചേർത്തുപിടിച്ചു. നന്ദി, വാക്കുകള്‍ക്കപ്പുറം കണ്ണീരായി ഒഴുകി.
കൊല്ലം അഞ്ചല്സ്വദേശിയായ ആദിനാരായണന് രണ്ടാംക്ലാസില്‍ പഠിക്കുമ്ബോഴാണ് രക്താർബുദം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലൂടെ രോഗമുക്തനായി. അഞ്ചുവർഷത്തിനുശേഷം വീണ്ടും രോഗം. ചികിത്സ നടക്കുന്നതിനിടെ പത്താംക്ലാസില്‍ പഠിക്കുമ്ബോള്‍ രോഗം പിടിമുറുക്കി. 2023-ല്‍ കോഴിക്കോട് എംവിആർ കാൻസർസെന്ററില്‍ വെച്ചാണ് മജ്ജ മാറ്റിവെച്ചത്.
വട്ടപ്പാറ സ്വദേശിയും ഇൻഫോസിസിലെ ജീവനക്കാരനുമായ വിഷ്ണു വേണുഗോപാലിന്റെ രക്തമൂലകോശങ്ങളാണ് ആദിക്ക് നല്‍കിയത്.
എം.ജി. കോളേജില്‍ 2014-ല്‍ രണ്ടാംവർഷ ബിരുദത്തിന് പഠിക്കുമ്ബോഴാണ് വിഷ്ണു ധാത്രിയുടെ ക്യാമ്ബില്‍ രജിസ്റ്റർ ചെയ്യുന്നത്. എട്ടുവർഷത്തിനുശേഷം 2023-ലാണ് അതൊരാള്‍ക്ക് സാമ്യമാണെന്നറിച്ചുള്ള ഫോണ്‍ വരുന്നതും രക്തമൂലകോശം ദാനം ചെയ്യുന്നതും.
വിഷ്ണുചികിത്സയ്ക്കൊടുവില് വിഷ്ണുവിന്റെ രക്തഗ്രൂപ്പായ ബി നെഗറ്റീവിലേക്ക് ആദി മാറി. കൂടപ്പിറപ്പുകളില്ലാത്ത ആദിക്ക് വിഷ്ണു രക്തബന്ധുവായി. ആരെന്ന് അറിയാത്ത ഒരാളുടെ ജീവൻ നിലനിർത്താനുള്ള പോംവഴി എന്നുമാത്രമാണ് കരുതിയത്. ആദിക്ക് എല്ലാകാലവും ഒരു സഹോദരനായി ഒപ്പമുണ്ടാകും”.- വിഷ്ണു പറയുന്നു.
ബ്ലഡ് സ്റ്റെം സെൽ അഥവാ രക്തമൂലകോശം എന്നത് അസ്ഥിമജ്ജയിൽ കാണപ്പെടുന്ന ഒരുതരം അപക്വമായ കോശമാണ്. ഇതിന് ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിങ്ങനെ ശരീരത്തിലെ എല്ലാത്തരം രക്തകോശങ്ങളായി മാറാൻ കഴിയും. ഈ കോശങ്ങൾ രക്തം രൂപീകരിക്കുന്നതിനും ശരീരത്തിലെ കേടുവന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്നു.
ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാൻ തയ്യാറുള്ള, ആരോഗ്യമുള്ള വ്യക്തികളാണ് ബ്ലഡ് സ്റ്റെം സെൽ ദാതാക്കൾ. രക്തം, അസ്ഥിമജ്ജ, അല്ലെങ്കിൽ പൊക്കിൾക്കൊടിയിലെ രക്തം എന്നിവയിൽ നിന്ന് സ്റ്റെം സെല്ലുകൾ ശേഖരിച്ച്, രക്താർബുദം പോലുള്ള രോഗങ്ങൾ ബാധിച്ച ഒരു രോഗിക്ക് ദാനം ചെയ്യുന്ന ഒരു പ്രക്രിയയാണ് ഇത്. ദാനത്തിനായി ഒരു രോഗിക്ക് അവരുടെ സ്വന്തം സ്റ്റെം സെല്ലുകളോ, ഒരു ബന്ധുവിന്റെ സ്റ്റെം സെല്ലുകളോ, അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ദാതാക്കളുടെ ഗ്രൂപ്പിൽ നിന്നുള്ള സ്റ്റെം സെല്ലുകളോ ഉപയോഗിക്കാം
അനസ്തേഷ്യ നൽകിയ ശേഷം, ദാതാവിൻ്റെ പെൽവിക് അസ്ഥിയുടെ പിൻഭാഗത്ത് നിന്ന് ഡോക്ടർമാർ സൂചികൾ ഉപയോഗിച്ച് ദ്രാവക അസ്ഥിമജ്ജ ശേഖരിക്കുന്നു. ഇത്തരത്തിൽ ദാനം ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പ്, രക്തത്തിലെ സ്റ്റെം സെല്ലുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ദാതാവിന് മരുന്ന് കുത്തിവയ്ക്കുന്നു. തുടർന്ന്, രക്തത്തിൽ നിന്ന് സ്റ്റെം സെല്ലുകൾ വേർതിരിച്ചെടുക്കുകയും ബാക്കിയുള്ള രക്തം ദാതാവിന് തിരികെ നൽകുകയും ചെയ്യുന്നു.
അത്തരത്തിൽ മജ്ജ മാറ്റിവെക്കലിലൂടെ രക്താർബുദത്തെ അതിജീവിച്ച നാള്‍മുതലുള്ള രണ്ടുവർഷത്തെ കാത്തിരിപ്പിനാണ് തിരുവനന്തപുരം എം.ജി. കോളേജില്‍ വെള്ളിയാഴ്ച വിരാമമായത്.
ധാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണർ രജിസ്ട്രിയാണ് ഈ അപൂർവ നിമിഷത്തിന് വേദിയൊരുക്കിയത്. പത്തുവർഷം മുൻപ് രക്താർബുദം പിടിപെട്ട രണ്ടാംക്ലാസുകാരന് എട്ടുവർഷത്തോളമുള്ള ചികിത്സയ്ക്കൊടുവിലാണ് മജ്ജ മാറ്റിവെച്ചത്.
”17 വയസ്സിനപ്പുറമുള്ള അനുഭവങ്ങളാണ് ജീവിതത്തിലുണ്ടായത്. പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടു. ജീവൻ തിരികെ കിട്ടിയ നാള്‍മുതല്‍ രക്ഷകനായ വ്യക്തിയെ എന്നും ഓർത്തിരുന്നു. ജീവിതത്തില്‍ ജ്യേഷ്ഠസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്”.- ആദിയുടെ വാക്കുകളില്‍ സന്തോഷംമാത്രം.
ധാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണർ രജിസ്ട്രി സംഘടിപ്പിച്ച സംഗമത്തില്‍ എൻഎസ്എസ് സംസ്ഥാന ഓഫീസർ ഡി. ദേവിപ്രിയ വിശിഷ്ടാതിഥിയായി. എം.ജി. കോളേജ് പ്രിൻസിപ്പല്‍ വി.എം. ആനന്ദകുമാർ, കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എസ്. രാഹുല്‍, വി.എസ്. ചിത്ര, ധാത്രി നാഷണല്‍ ഓപ്പറേഷൻ ഹെഡ് എബി സാം ജോണ്‍ എന്നിവർ പങ്കെടുത്തു.