തളിപ്പറമ്പില്‍ കടയുടമയെ ഭീഷണിപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍

തളിപ്പറമ്പ് നാടുകാണിയില്‍ ഹര്‍ത്താലിനിടെ നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിക്കുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. പന്നിയൂര്‍ സ്വദേശികളായ അന്‍സാര്‍, ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഹര്‍ത്താലാണെന്നും ജോലിയെടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഇവര്‍ കടയുടമ ആഷാദിനോട് പറഞ്ഞത്. തനിക്ക് ജോലിയുണ്ടെന്ന് അറിയിച്ച ആഷാദിനെ ഇവരിലൊരാള്‍ ഭീഷണിപ്പെടുത്തുകയും മേശപ്പുറത്തിരുന്ന സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.
ഹര്‍ത്താലിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലത്ത് പല സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് പ്രതികള്‍ രണ്ടുപേരും കടയടപ്പിക്കാന്‍ എത്തിയത്. കടയടയ്ക്കണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടെങ്കിലും ആഷാദ് സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ആഷാദുമായി വാക്കുതര്‍ക്കത്തിലായി.
ഇതിനിടെ പ്രതികളില്‍ ഒരാള്‍ മറ്റേയാളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ട്. വാക്കുതര്‍ക്കത്തിനു ശേഷം പുറത്തു പോയ പ്രതികള്‍ വീണ്ടും തിരിച്ചെത്തുകയും പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആഷാദ് പോലീസിനെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞ ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.