നിലവിൽ ദേശീയപാതയിൽ പ്രശ്നങ്ങളില്ലെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ

തൃശൂർ കലക്ടറുടെ നേതൃത്വത്തിലുള്ള ട്രാഫിക് മാനേജ്മെന്റ് സമിതി നിർദേശിച്ച ജോലികൾ പൂർത്തിയാക്കിയെന്നും നിലവിൽ ദേശീയപാതയിൽ പ്രശ്നങ്ങളില്ലെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ . കലക്ടറുടെ റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി വരുമാനമൊന്നുമില്ലെന്നും മുന്നൂറോളം ജീവനക്കാരുണ്ടെന്നും ടോൾപിരിവ് തുടരാൻ അനുവദിക്കണമെന്നുമായിരുന്നു കരാർ കമ്പനിയുടെ ആവശ്യം. പ്രശ്നം പരിഹരിക്കാൻ കലക്ടർ വളരെ മുൻപേ നിർദേശം നൽകിയിരുന്നതു കോടതി ചൂണ്ടിക്കാട്ടി.ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണെന്ന് ഹർജിക്കാർ അറിയിച്ചെങ്കിലും റോഡിന്റെ അവസ്ഥയാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നു കോടതി പറഞ്ഞു. ആമ്പല്ലൂരിൽ പ്രശ്നം പരിഹരിച്ചോയെന്നും കോടതി ആരാഞ്ഞു. ഒരു വീട്ടിൽ അഞ്ചും ആറും കാറൊക്കെയുണ്ടെങ്കിലും റോഡ് വീതികൂട്ടുന്നതിനെ എതിർക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും ലോകത്തിലെ ഏക സ്ഥലവും ഇതാണെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു
. ടോൾനിരക്ക് പരിഷ്കരിച്ചതു ഹർജിക്കാർ ചൂണ്ടിക്കാട്ടി. നിയമപ്രകാരവും കരാർപ്രകാരവുമുളള കാലാകാലങ്ങളിലെ പുതുക്കലാണെന്നു കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അറിയിച്ചു. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ.ജനീഷ് തുടങ്ങിയവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.