കൊൽക്കത്ത ബലാത്സംഗക്കൊല; ശിക്ഷാവിധി ഇന്ന്, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം കേൾക്കുന്നത്.
അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. ഏറ്റവും വലിയ ശിക്ഷയാണ് നല്കുന്നതെങ്കില് വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്കുന്നതെങ്കില് ജീവപര്യന്തവും നല്‍കുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയത്.
കൊലപാതകത്തിന് വധശിക്ഷയും മറ്റ് രണ്ട് കുറ്റങ്ങള്‍ക്കായി ഇരട്ട ജീവപര്യന്തവും ശിക്ഷ പ്രതി സഞ്ജയ് റോയിക്ക് ലഭിച്ചേക്കാം. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയെ ആര്‍ജി കര് മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.