കേജരിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനാവില്ല; സുപ്രീംകോടതി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ ഇഡി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഇഡിയുടെ ഹർജി പരിഗണിക്കാൻ കോടതി തയാറായില്ല. കേജരിവാള്‍ നടത്തിയ പരാമർശത്തിലേക്ക് കടക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കേജരിവാള്‍ എപ്പോള്‍ കീഴടങ്ങണമെന്ന് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇഡിയെ അറിയിച്ചു.
കേജരിവാള്‍ നചടത്തിയ പ്രസംഗം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു ഇഡിയുടെ വാദം. പ്രസംഗത്തിലെ പരാമർശങ്ങള്‍ കേജരിവാളിന് എങ്ങനെ പറയാൻ സാധിക്കുമെന്നും ഇഡി കോടതിയില്‍ ചേദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇഡിക്ക് വേണ്ടി ഹാജരായത്.
ജനങ്ങള്‍ ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്ന കേജരിവാളിന്റെ പരാമർശത്തിനെതിരെയാണ് ഇഡി കോടതിയെ സമീപിച്ചത്.