വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഉത്തരവ്; ശക്തമായ ഡിജിറ്റൽ തെളിവുകൾ തള്ളിക്കളയാനാവില്ലെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ച് ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിക്കളഞ്ഞത് , വെറും നിസ്സാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്ന് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും പറയുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്.
ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.
വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ ഇനി അപ്പീലിൽ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീൽ ഫയൽ ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. എന്നാൽ, ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ചേക്കും.
അതേപോലെ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെയുളള രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവരും കുരുക്കിലായി. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ, പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിജീവിതയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് നടപടി.
മാര്ട്ടിന് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കും എതിരെയുളള പോലീസ് നടപടി. ഇരുന്നൂറോളം സൈറ്റുകളിലാണ് ഈ വീഡിയോ പങ്കുവെച്ചതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത സൈറ്റുകളും വീഡിയോ ലിങ്കുകളും പോലീസ് നീക്കം ചെയ്തിട്ടുണ്ട്.
തൃശൂര്‍, ആലപ്പുഴ, എറണാകുളം സ്വദേശികളാണ് പണം വാങ്ങിയ ശേഷം അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്തതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഭാരതീയ നിയമ സംഹിത 72, 75 വകുപ്പുകളും ഐടി നിയമത്തിലെ 67ാം വകുപ്പും അനുസരിച്ച് പ്രതികള്‍ക്ക് മേല്‍ ജാമ്യമില്ലാക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്ട്ടിന് താന്‍ നിരപരാധിയാണെന്നും ദിലീപിനെ കുടുക്കാനാണ് ശ്രമം നടക്കുന്നത് എന്നുമുള്ള കാര്യങ്ങള്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അതിജീവിതയ്ക്ക് എതിരെ സൈബര്‍ ആക്രമണവും ദിലീപേട്ടൻ അനുകൂലികളുടെ ഭാഗത്ത് നിന്നുണ്ടായി. തുടര്‍ന്ന് വൈകാരികമായ ഒരു കുറിപ്പ് അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പോലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ വീട്ടില്‍ ഇത് സംഭവിക്കാതിരിക്കട്ടെ എന്നും അതിജീവിത ആ കുറിപ്പിൽ പറഞ്ഞിരുന്നു.
പേട്ടന് വേണ്ടി ഇപ്പോളും കുരക്കുന്നവർ ഈയൊരു കാര്യം മാത്രം ഓർത്താൽ മതി. നിങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടിക്കോ, അല്ലെങ്കിൽ സുഹൃത്തുക്കളുടെ മക്കൾക്കോ നേരെ ഇത്തരം ലൈംഗിക ആക്രമണം ഉണ്ടായാൽ നിങ്ങൾ എങ്ങനെയാകും പ്രതികരിക്കുക. അതാണ് ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും ചെയ്യുന്നത്. നക്കാപ്പിച്ച കാശ് മേടിച്ച് കുറ്റവാളികൾ ഇടുന്ന വീഡിയോ ഷെയർ ചെയ്യന്നവർ മനുഷ്യഗണത്തിൽ പെട്ടവരല്ല എന്ന് മാത്രമേ പറയാൻ കഴിയൂ.












