‘അകലം പാലിച്ചില്ല’; തൃപ്പൂണിത്തുറ ആന എഴുന്നള്ളിപ്പില്‍ കേസ്
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ വനംവകുപ്പ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം ഭരണസമിതിക്കെതിരെയാണ് കേസെടുത്തത്.
ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനകളും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. മഴ മൂലമാണ് മാര്‍ഗനിര്‍ദേശപ്രകാരമുള്ള അകലം പാലിക്കാനാകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.
വൃശ്ചികോത്സവത്തിന്റെ ആദ്യ ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അളന്ന് തിട്ടപ്പെടുത്തിയതു പ്രകാരം നിശ്ചിത അകലത്തിലായിരുന്നു രാവിലെ കാഴ്ച ശീവേലി അടക്കം നടന്നത്. രണ്ടു നിരയായിട്ടായിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്. വൃശ്ചികോത്സവത്തിന് 15 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാര്‍ഗരേഖയില്‍ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല.