സിനിമ റിവ്യൂ തടയണമെന്ന നിർമാതാക്കളുടെ ഹർജി; ഇടക്കാല ഉത്തരവില്ല
സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് ഐടി വകുപ്പിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി വെച്ചു.
യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മൂന്നു ദിവസത്തേക്കു സിനിമാ നിരൂപണങ്ങൾ നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പുതിയ സിനിമകളുടെ റിവ്യൂ ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. അടുത്തിടെ സൂര്യ നായകനായെത്തിയ കങ്കുവ എന്ന ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. നെഗറ്റീവ് റിവ്യൂകൾ കാരണം സിനിമകൾ പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് സുന്ദർ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കി കോടതിക്ക് ഉത്തരവിടാനാവില്ല. ചില സിനിമകൾക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. അവലോകനത്തിന്റെ മറവിൽ അപകീർത്തി ഉണ്ടായാൽ പൊലീസിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും യൂട്യൂബ് കമ്പനിയോടും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.