കെ.സി. വേണുഗോപാല്‍ പി.എ.സി അദ്ധ്യക്ഷനാകും
എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍ 18-ാം ലോക്സഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അദ്ധ്യക്ഷനാകും.
കോണ്‍ഗ്രസിന്റെ ശുപാർശ സ്പീക്കർ ഒാം ബിർള അംഗീകരിച്ചു. ഉത്തരവ് ഉടനുണ്ടാകും. ജോണ്‍ മത്തായി (1948-1949), സി.എം.സ്റ്റീഫൻ (1977-1978), പ്രൊഫ.കെ.വി. തോമസ് (2014-2016) എന്നിവർക്കുശേഷം ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണ്.
15 ലോക്സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളും അടക്കം 22 എം.പിമാർ പി.എ.സിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ എം.പിമാരില്‍ 7 ബി.ജെ.പി, മൂന്ന് കോണ്‍ഗ്രസ്, തൃണമൂല്‍, ഡി.എം.കെ, സമാജ്വാദി, ജനസേന, ടി.ഡി.പി ഒാരോ അംഗങ്ങളുമുണ്ട്. അദ്ധ്യക്ഷ സ്ഥാനം പ്രധാന പ്രതിപക്ഷ പാർട്ടിക്കാണ് നല്‍കുന്നത്.
കേന്ദ്രസർക്കാരിന്റെ വരവുചെലവ് കണക്ക് ഓഡിറ്റ് ചെയ്യുന്ന പാർലമെന്റ് സമിതിയാണ് പി.എ.സി.