മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ ,വിമുക്തി പരാജയപ്പെട്ട പദ്ധതി; രമേശ് ചെന്നിത്തല
 
			    	    ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് അഭിസംബോധന ചെയ്ത് രമേശ് ചെന്നിത്തല . നിയമസഭയില്‍ രമേശ് ചെന്നിത്തല അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മേലെയുള്ള ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. സ്കൂളുകളില്‍ ലഹരിയും ആക്രമണവും വ്യാപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയാണെന്നും കേരളം നീരാളി പിടുത്തത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘രാസ ലഹരിയില്‍ മൂല്യബോധം നഷ്ടപ്പെട്ടവര്‍ എന്ത് ക്രൂരതയും ചെയ്യും. സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്. മയക്കുമരുന്ന് കുട്ടികളുടെ ജീവിതത്തെ തകര്‍ക്കുന്നു. നമ്മുടെ യുവത്വം പുകഞ്ഞ് ഇല്ലാതാകുന്നു. അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു. ഈ വിപത്തിനെ ഒന്നിച്ച് നിന്ന് എതിര്‍ക്കണം. ലഹരിയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഇതിന് മുന്നിട്ടിറങ്ങണം’, രമേശ് ചെന്നിത്തല പറഞ്ഞു.
വിമുക്തി പരാജയപ്പെട്ട പദ്ധതിയായി മാറിയെന്നും സര്‍ക്കാരിന്റെ വിമുക്തി പദ്ധതി പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളില്‍ വിമുക്തിക്ക് കോര്ഡിനേറ്റര്മാരില്ല. ആവശ്യത്തിന് വാഹനമില്ല. വേണ്ട സൗകര്യമില്ല. കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നു. കേരളം ലഹരി മാഫിയയുടെ പിടിയിലമരുമ്പോഴാണ് ഡിസ്ലറിയും ബ്രൂവറിയും സര്‍ക്കാര്‍ കൊണ്ട് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാലയങ്ങളില്‍ റാഗിംഗ് വ്യാപകമാണെന്നും നേതൃത്വം നല്‍കുന്നത് എസ്എഫ്ഐയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
			    					         
								     
								    













