മകരവിളക്കിന് മുന്നോടിയായി നിരവധി നിയന്ത്രണങ്ങൾ
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളേർപ്പെടുത്തി ദേവസ്വം ബോർഡ് . ജനുവരി 15 വരെ ശബരിമലയില് സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തിയിട്ടുണ്ട് .ജനുവരി 12 ന് 60,000, 13ന് 50,000, 14 ന് 40,000 പേര് എന്ന രീതിയില് വിര്ച്വല്ക്യൂവിനും ദേവസ്വം ബോര്ഡ് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്.
തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള് സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. . സന്നിധാനത്തെത്തുന്ന ഭക്തര് ദര്ശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല.ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്ക് ദര്ശനത്തിനെത്തുന്ന ഭക്തര് ജ്യോതിദര്ശിക്കാനായി പൂങ്കാവനത്തില് പര്ണശാലകള് കെട്ടി കാത്തിരിക്കാറുണ്ട്.
ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുള്ളത്. സ്പോട്ട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്ക്കലില് പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേയ്ക്ക് കടത്തിവിടുക. ഇനിയുള്ള ദിവസങ്ങളില് സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി തുടരുന്നതിനു നടപടികള് സ്വീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ജ്യോതിദര്ശനത്തിനായി വിവിധ ഇടങ്ങളില് ഭക്തര്ക്ക് സൗകര്യങ്ങളും ഏര്പ്പടുത്തിയിട്ടുണ്ട്.