നിയമപാലകരുടെ മുന്നിലിട്ടാണ് കന്യാസ്ത്രീകളോട് ഈ ഗുണ്ടായിസം മുഴുവൻ എഎ റഹീം എംപി

ചത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ സംഘപരിവാർ സംഘങ്ങളില്‍ നിന്ന് നേരിട്ടത് കടുത്ത ക്രൂരതയെന്ന് എഎ റഹീം എംപി. പോലീസ് കസ്റ്റഡിയില്‍ വച്ചാണ് ബജറങ്ദള്‍ ക്രിമിനലുകള്‍ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തത്.
കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രല്‍ ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പമാണ് കന്യാസ്ത്രീകളെ അടച്ചിരിക്കുന്നത്. മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ച്ചയാണ് ഇതെന്നും എഎ റഹീം പറഞ്ഞു.
‘നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്,ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവർത്തിക്കുന്നോ? ?” സിസ്റ്റർമാരായ വന്ദനാ ഫ്രാൻസിസും, പ്രീതി മേരിയും സംഘപരിവാർ ക്രിമിനല്‍ സംഘത്തില്‍ നിന്ന് നേരിട്ട ക്രൂരമായ ചോദ്യമണിത്.
‘നിയമം നിയമത്തിന്റെ വഴിക്ക്’എന്ന് പറഞ്ഞ ബി ജെ പി മുഖ്യമന്ത്രിയുടെ നാട്ടില്‍,നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവൻ നടന്നത്. രോഗങ്ങള്‍ ഉളള രണ്ട് കന്യാസ്ത്രീകള്‍ക്കും കട്ടില് പോലും ഇതുവരെ നല്‍കിയിട്ടില്ല. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രല്‍ ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാർ…മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ച്ച’, എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് എഎ റഹീം അടങ്ങുന്ന ഇടത് എംപിമാരുടെ സംഘം ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കാണാനായി പോയത്. എന്നാല്‍ ഇവർക്ക് സന്ദർശനാനുമതി നിഷേധിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ ആദ്യം പറഞ്ഞതെന്നും എന്നാല്‍ അപേക്ഷ ഇമെയിലായി നല്‍കിയതിന്റെ സ്ക്രീന്‍ ഷോട്ട് കാണിച്ചപ്പോള്‍ അവര്‍ നിലപാട് മാറ്റി എന്നായിരുന്നു റഹീം പറഞ്ഞത്.തങ്ങള്‍ കന്യാസ്ത്രീകളെ കാണാതെ മടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.