നീണ്ട വാദപ്രതിവാദങ്ങള്ളും ചർച്ചകളും ഒടുവിൽ പൈലറ്റ് വിമാനത്തില്‍നിന്നു ചാടി ,അടുത്ത നിമിഷം വിമാനം തീ ഗോളമായി

അലാസ്കയില്‍ ഈ വർഷം ആദ്യ നടന്ന ഒരു സംഭവം . അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ടിലൂടെയാണ് ഈ സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്….പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന് എന്തോ തകരാർ പോലെ തുടർന്ന് ഉപദേശത്തിനായാണ് യുദ്ധവിമാനമായ എഫ് 35-ന്റെ പൈലറ്റ് എഞ്ചിനീയർമാരുമായി ബന്ധപ്പെട്ടത്.
എന്നാല്‍, എത്രയുംവേഗം പോംവഴി കണ്ടെത്തി അവർ തന്നെയും വിമാനത്തെയും രക്ഷിക്കുമെന്ന് കരുതിയ പൈലറ്റിന് തെറ്റി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കുമൊടുവില്‍ പൈലറ്റ് യുദ്ധവിമാനത്തില്‍നിന്നു സ്വയം ഇജക്ട് ചെയ്തു, പിന്നാലെ വിമാനം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി താഴെവീണു.
തമാശയായി തോന്നുമെങ്കിലും, പൈലറ്റിനെ സംബന്ധിച്ച് ജീവിതത്തിനും മരണത്തിനും ഇടയിലെ 50 മിനിറ്റുകളായിരുന്നു അത്.
യുഎസിലെ ഫെയർബാങ്ക്സിലെ എയ്ല്സണ് എയർഫോഴ്സ് ബേസില്‍ ജനുവരി 28-നാണ് അപകടമുണ്ടായത്. വിമാനം നിലംപതിക്കുന്നതിന് മുൻപ്, തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനായാണ് യുഎസ് എയർഫോഴ്സിലെ എഫ്-35 പൈലറ്റ്, വിമാന നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനിലെ എഞ്ചിനീയർമാരുമായി സംസാരിച്ചത്. കോണ്‍ഫറൻസ് കോള്‍ 50 മിനിറ്റോളം നീണ്ടു, ഈ സമയമെല്ലാം പൈലറ്റ് ജീവനും കൈയില്‍പിടിച്ച് ആകാശത്ത് വട്ടമിടുകയായിരുന്നു.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വിമാനം നേരെ താഴേക്ക് പതിച്ച് പൊട്ടിത്തെറിച്ച് ഒരു തീഗോളമാകുന്നതാണ് കാണാനാവുക. പൈലറ്റ് സുരക്ഷിതമായി പുറത്തുചാടി, നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ 200 മില്യണ്‍ ഡോളർ(1750 കോടി രൂപ) വിലമതിക്കുന്ന യുദ്ധവിമാനം പൂർണമായും പൊട്ടിത്തകർന്നു.
വ്യോമസേന നടത്തിയ അന്വേഷണത്തില്‍, എഫ് 35-ന്റെ മുൻഭാഗത്തെയും പ്രധാന ലാൻഡിംഗ് ഗിയറുകളിലെയും ഹൈഡ്രോളിക് ലൈനുകളില്‍ ഐസ് കട്ടപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ലാൻഡിംഗ് ഗിയറുകള്‍ ശരിയായി പ്രവർത്തിക്കുന്നതിന് തടസമായി. ടേക്ക് ഓഫിന് ശേഷം പൈലറ്റ് ലാൻഡിംഗ് ഗിയർ മടക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണമായി മടങ്ങിയില്ല. വീണ്ടും താഴ്ത്തിയപ്പോള്‍, അത് നേരെ നില്‍ക്കാതെ ഇടത്തേക്ക് ചരിഞ്ഞ് ഉറച്ചുപോയി. ലാൻഡിംഗ് ഗിയർ ശരിയാക്കാനുള്ള ശ്രമങ്ങള്‍, ‘യുദ്ധവിമാനം നിലത്താണ്’ എന്ന സന്ദേശമാണ് അതിന്റെ സിസ്റ്റത്തിന് നല്‍കിയത്. ഇതാണ് അപകടത്തിന് കാരണമായത്.
തകരാറിലായ മുൻഭാഗത്തെ ഗിയർ നേരെയാക്കാനായി, വിമാനം അല്‍പ്പനേരം നിലം തൊടുന്ന ‘ടച്ച് ആൻഡ് ഗോ’ ലാൻഡിംഗുകള്‍ക്ക് പൈലറ്റ് രണ്ട് തവണ ശ്രമിച്ചുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, ആ ശ്രമങ്ങള്‍ മുൻചക്രം നേരെയാക്കുന്നതില്‍ പരാജയപ്പെടുകയും ഇടത്തെയും വലത്തെയും പ്രധാന ലാൻഡിംഗ് ഗിയറുകള്‍ ഉറച്ചുപോകുന്നതിനും കാരണമായി. ഇതിന്റെ ഫലമായി യഥാർത്ഥ ലാൻഡിംഗിനായി മുൻചക്രം പൂർണമായി വികസിപ്പിക്കാൻ കഴിയാതെ വന്നു.
ആ സമയത്ത്, എഫ് 35-ന്റെ സെൻസറുകള്‍ വിമാനം നിലത്താണെന്ന് സൂചിപ്പിക്കുകയും കമ്ബ്യൂട്ടർ സിസ്റ്റം ‘ഓട്ടോമേറ്റഡ് ഗ്രൗണ്ട്-ഓപ്പറേഷൻ മോഡിലേക്ക്’ മാറുകയും ചെയ്തു. പ്രശ്നം പരിഹരിക്കാനായി സിസ്റ്റം ചെക്ലിസ്റ്റുകള്‍ പരിശോധിച്ച ശേഷം, വിമാനം എയർ ബേസിനടുത്ത് പറത്തുന്നതിനിടയിലാണ് പൈലറ്റ് വിമാന നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനിലെ എഞ്ചിനീയർമാരുമായി കോണ്‍ഫറൻസ് കോളില്‍ ബന്ധപ്പെട്ടത്. ഒരു സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ, ഒരു ഫ്ലൈറ്റ് സേഫ്റ്റി എഞ്ചിനീയർ, ലാൻഡിംഗ് ഗിയർ സിസ്റ്റങ്ങളില്‍ വൈദഗ്ധ്യമുള്ള മൂന്ന് പേർ എന്നിവരുള്‍പ്പെടെ അഞ്ച് എഞ്ചിനീയർമാരാണ് ആ കോളില്‍ പങ്കെടുത്തിരുന്നത് എന്ന് റിപ്പോർട്ടില്‍ പറയുന്നു.
വിമാനം പറക്കുകയായിരുന്നുവെങ്കിലും അതിന്റെ പ്രവർത്തനങ്ങളെല്ലാം വിമാനം നിലത്താണ് എന്ന രീതിയിലാണ് പ്രവർത്തിച്ചത്. ഇത് വിമാനത്തെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാക്കി. ഇതോടെയാണ് പൈലറ്റ് വിമാനത്തില്‍നിന്നു പുറത്തുചാടാൻ തീരുമാനിച്ചത്. വിമാനത്തിന്റെ മുൻഭാഗത്തെയും വലത് പ്രധാന ലാൻഡിംഗ് ഗിയറുകളിലെയും ഹൈഡ്രോളിക് സിസ്റ്റങ്ങളില്‍ ഒട്ടും വെള്ളം ഉണ്ടാകാൻ പാടില്ലാതിരുന്നിട്ടും, അതിലെ ദ്രാവകത്തിന്റെ മൂന്നിലൊന്ന് വെള്ളമായിരുന്നുവെന്ന് അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
അപകടം നടന്ന് ഒമ്ബത് ദിവസങ്ങള്‍ക്ക് ശേഷം അതേ ബേസിലെ മറ്റൊരു എഫ് 35 വിമാനത്തിലും പറക്കലിനിടെ സമാനമായ ഹൈഡ്രോളിക് ഐസിംഗ് പ്രശ്നം അന്വേഷണത്തില്‍ കണ്ടെത്തി, എന്നാല്‍ ആ വിമാനത്തിന് അപകടമൊന്നും കൂടാതെ ലാൻഡ് ചെയ്യാൻ കഴിഞ്ഞു.
അപകടത്തിന് ഏകദേശം ഒമ്ബത് മാസം മുൻപ്, 2024 ഏപ്രിലിലെ ഒരു മെയിന്റനൻസ് ന്യൂസ് ലെറ്ററില്‍, കഠിനമായ തണുപ്പില്‍ എഫ് 35-ന്റെ സെൻസറുകള്ക്കുണ്ടാകുന്ന ഈ പ്രശ്നത്തെക്കുറിച്ച് ലോക്ക്ഹീഡ് മാർട്ടിൻ മാർഗ്ഗനിർദ്ദേശം നല്‍കിയിരുന്നതായി പറയുന്നു. ഈ പ്രശ്നം, പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നിലനിർത്താൻ പ്രയാസമുണ്ടാമെന്ന് ആ മാർഗ്ഗനിർദ്ദേശത്തില്‍ പറഞ്ഞിരുന്നു. അപകടം നടക്കുമ്ബോള്‍ താപനില -1 ഡിഗ്രി ഫാരൻഹീറ്റ് ആയിരുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു.
വിമാനത്തില്‍വെച്ച് നടന്ന കോണ്‍ഫറൻസ് കോളില്‍ പങ്കെടുത്തവരുടേത് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തീരുമാനങ്ങള്‍, ഹൈഡ്രോളിക് ദ്രാവകത്തിന്റെ സംഭരണവും വിതരണവും മേല്‍നോട്ടം വഹിക്കുന്ന അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോഗ്രാമിലെ മേല്‍നോട്ടക്കുറവ്, വിമാനത്തിന്റെ ഹൈഡ്രോളിക്സ് സർവീസിംഗ് നടപടിക്രമങ്ങള്‍ ശരിയായി പാലിക്കാത്തത് എന്നിവയെല്ലാം അപകടത്തിന് കാരണമായി എന്നാണ് എയർഫോഴ്സിന്റെ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിന്റെ നിഗമനം.