അമേരിക്കൻ തീയ്ക്ക് പിന്നാലെ ബ്രിട്ടനിൽ കൊടുങ്കാറ്റ് ;ജീവന് ഭീഷണിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
അടുത്ത കൊടുങ്കാറ്റ് എത്തുന്നു. ഇയോവിൻ സ്കോട്ട്ലാൻഡിലും അയർലാൻഡിലും വൻ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്.വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജാഗ്രത നിർദ്ദേശം . ബ്രിട്ടന്റെ ഏതാനും ഭാഗങ്ങളിലും വടക്കൻ അയർലാൻഡിലും സ്കോട്ട്ലാൻഡിലുമായി മണിക്കൂറില്‍ 130 കിലോമീറ്റർ വേഗം വരെ ശക്തിയുള്ള ഇയോവിൻ കൊടുങ്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തീരമേഖലകളില്‍ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 4.5 ദശലക്ഷം ആളുകള്‍ക്കാണ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൊടുങ്കാറ്റ് എത്തുന്നതിന് മുന്നോടിയായി അപൂര്‍വമായ ഒരു റെഡ് വെതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.കൊടുങ്കാറ്റ് ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ അപകടം വരുത്തിയേക്കുമെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ നല്കിയ മുന്നറിയിപ്പിൽ പറയുന്നു.
അറ്റ്ലാൻറിക് സമുദ്രത്തിലാണ് ഇയോവിൻ കൊടുങ്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്. വടക്കേ അമേരിക്കയില്‍ നിന്നുള്ള തണുത്ത വായുപ്രവാഹവും മധ്യ അറ്റ്ലാൻറിക്കിലെ ചൂടുവായു പ്രവാഹവും കൂടിക്കലർന്നാണ് ഇയോവിൻ രൂപം കൊണ്ടിട്ടുള്ളത്. അയർലാൻഡില്‍ 100 വർഷത്തിനിടയിലുള്ള ഏറ്റവും മാരകമായ കൊടുങ്കാറ്റാണ് ഇയോവിൻ എന്നാണ് മുന്നറിയിപ്പ്.
താമസിക്കുന്ന കെട്ടിടത്തിന് തകരാർ ഉണ്ടെങ്കില്‍ മാത്രം മറ്റൊരിടത്തേക്ക് മാറാനായി പുറത്തിറങ്ങാവൂവെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് ലക്ഷക്കണക്കിന് ആളുകളുടെ മൊബൈല്‍ ഫോണുകളിലേക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സ്കോട്ട്ലാൻഡില്‍ 22 മേഖലകളിലും വടക്കൻ അയർലൻഡില്‍ 9 കൌണ്ടികളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കാറ്റില്‍ പറന്നുയരുന്ന അവശിഷ്ടങ്ങള്‍ കാരണം ജീവന് അപകടമുണ്ടാകാമെന്നും, വൈദ്യുതി തടസ്സത്തിനും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും പൊതുജനങ്ങള്‍ തയ്യാറെടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ മുതല്‍ റെഡ് അലർട്ട് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ബസ്, ട്രെയിൻ ഗതാഗതവും നിർത്തി വച്ചിരിക്കുകയാണ്. കുട്ടികളുടെ ജീവന് അപകടമുണ്ടാകാതിരിക്കാൻ സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ അയർലാൻഡില്‍ നിന്ന് സ്കോട്ട്ലാൻഡിന്റെ മധ്യമേഖലയിലേക്കാണ് ഇയോവിൻ കൊടുങ്കാറ്റ് നീങ്ങുന്നത്.
വെള്ളിയാഴ്ച രാവിലെ 10:00 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റെഡ് അലേര്‍ട്ട് കാരണം പൊതുഗതാഗതവും മുടങ്ങും. സാധ്യമാകുന്നിടത്തെല്ലാം പൊതുജനങ്ങള്‍ വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണി വരെയാണ് അലേര്‍ട്ടുള്ളത്. സ്കോട്ട്ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ വളരെ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അയര്‍ലന്‍ഡിലെ തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 125 മൈല്‍ വരെ എത്തിയേക്കാം. കാറ്റിന്റെ വേഗത ഉയരുന്നതിനാല്‍ ജീവന് അങ്ങേയറ്റം അപകട സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് മുന്നറിയിപ്പ് നല്കി.
ബ്രിട്ടനിലും ശക്തമായ കാറ്റ് ഇയോവിനെ തുടർന്ന് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അയർലാൻഡിലെ വടക്കൻ തീരമേഖലയിലെ കാർലോ, കില്‍കെന്നി, വെക്സ്ഫോർഡ്, കോർക്ക്, കെറി. ലൈംറിക്ക്, വാട്ടർ ഫോർഡ്, ഗാല്‍വേ, ക്ലെയർ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 130 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.ഇയോവിന്‍ കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളിലായി രാജ്യത്തെ വിവിധയിടങ്ങളിലായി വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഭീതിയിലാണ് ജനങ്ങൾ .എന്നാൽ ഭയമല്ല നിർദ്ദേശങ്ങൾ കൃത്യമായ പാലിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ മതിയെന്ന് ഭരണകൂടം വ്യക്തമാക്കി.