ബെംഗളൂരു രാമേശ്വരം കഫേയിലെ സ്ഫോടനം: UAPA നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു
കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വൈറ്റ് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഒരാള്‍ കഫേയില്‍ ബാഗ് ഉപേക്ഷിച്ച് പോയതായി കണ്ടെത്തിയിരുന്നു.
സ്ഫോടനത്തില്‍ ജീവനക്കാർ ഉള്‍പ്പെടെ ഒമ്ബത് പേർക്കാണ് പരിക്കേറ്റത്. എൻ.ഐ.എ. സംഘവും ബോംബ് സ്ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനം നടന്ന രാമേശ്വരം കഫേ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സന്ദർശിച്ചു. പരിക്കേറ്റ എല്ലാവരും അപകടനില തരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.