ധർമസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ നിർണ്ണായക സാക്ഷി ചിന്നയ്യ

ദുരൂഹതകള്‍ നിറഞ്ഞ ധർമസ്ഥല വമ്പൻ ട്വിസ്റ്റിലേക്ക് . ധർമസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നല്‍കിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ ഞെട്ടിക്കുന്ന ആ മൊഴി മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബർ തോട്ടത്തില്‍ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കും. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മഹേഷ് ഷെട്ടി തിമരോടിക്ക് നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ, കേസുമായി ബന്ധപ്പെട്ട് സുജാത ഭട്ടിനെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. തുടർച്ചയായ മൂന്നാം ദിവസവും സുജാത ഭട്ടിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യല്‍ പൂർത്തിയായാല്‍ സുജാത ഭട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തും.
കേസുമായി ബന്ധപ്പെട്ട് ചിന്നയ്യ ഉപയോഗിച്ചത് ഉള്‍പ്പെടെ ആറ് ഫോണുകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധർമസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് തിമരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളില്‍ നിന്നാണ് ഈ ഫോണുകള്‍ കണ്ടെടുത്തത്. ഗൂഢാലോചന തെളിയിക്കുന്ന വീഡിയോകള്‍ ഫോണില്‍ ഉണ്ടെന്നാണ് എസ്.ഐ.ടി.യുടെ വാദം. ചിന്നയ്യയെ തിമരോടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
അതേസമയം നിലവിലെ കുഴിമാടക്കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് തിമിരോഡിയുടെ അറസ്റ്റ് എന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ.ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിലായിരുന്നു മഹേഷ് ഷെട്ടി തിമിരോഡിക്കെതിരായ കേസും, വീടുവളഞ്ഞുള്ള അറസ്റ്റും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തി 50 മിനിറ്റോളം അഭിഭാഷകരുമായി സംസാരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് തിമിരോഡി പറയുന്നു.
ചിന്നയ്യയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ധർമസ്ഥല കേസില്‍ വഴിത്തിരിവായതെന്നാണ് പൊലീസ് പറയുന്നത്. പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളെ ആരുമറിയാതെ ധർമസ്ഥലയില്‍ താൻ മറവു ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ ആദ്യ വെളിപ്പെടുത്തല്‍. എന്നാല്‍, ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സ്ത്രീയുടെതല്ല, പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തി. അതേസമയം, ചിന്നയ്യക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക പ്രശ്നമുണ്ടെന്നും ഭാര്യ പറയുന്നു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയിരുന്ന സുജാത ഭട്ടും പിന്നീട് മൊഴി മാറ്റിയിരുന്നു. 2003ല്‍ മകള്‍ അനന്യ ഭട്ടിനെ ധർമസ്ഥലയില്‍ വെച്ച് കാണാതായെന്ന് പൊലീസില്‍ പരാതി നല്കിയ സുജാത ഭട്ട് ഇപ്പോള്‍ തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നാണ് പറയുന്നത്. ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും സുജാത ഭട്ട് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
സൗജന്യ കേസിലെ ആക്ഷൻ കമ്മിറ്റിയിലെ പ്രധാന ഭാരവാഹിയാണ് തിമിരോഡി. കുഴിമാടക്കേസിലെ പൊലീസ് സാക്ഷിയായ ഭീമിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇതെല്ലാം മുടക്കി പരിശോധനകൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അറസ്റ്റ് എന്ന വാദമാണ് തിമിരോഡി പക്ഷക്കാർ മുന്നോട്ടുവയ്ക്കുന്നത്. എഡിജിപിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ് നാടകം നടത്തിയതെന്ന ആരോപണവും ശക്തമാണ്.
നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അറസ്റ്റിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ധർമസ്ഥലയിൽ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇത് സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ യോഗം ചേരുകയും സമരത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ സമരം ഏതെങ്കിലും വിധത്തില്‍ പ്രകോപനപരമായാൽ അത് സർക്കാറിന് അനുകൂലമാകുമെന്നും നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള ഭയം ആക്ഷൻ കമ്മിറ്റിക്കുണ്ട്.