അര്ജുൻ മിഷനില്‍ കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും

ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനും ലോറിക്കും വേണ്ടിയുള്ള തെരച്ചില്‍ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. നിലവില്‍ നാവികസേനയും എൻഡിആർഎഫും ഡ്രഡ്ജർ ഉപയോഗിച്ച് മാത്രമേ തെരച്ചില്‍ സാധ്യമാകൂ എന്ന നിലപാടിലാണ് .
10 അടിയോളം മണ്ണ് വന്ന് അടിഞ്ഞതിന് കീഴിലാണ് ലോറിയുള്ളതെന്ന് ഏതാണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതടക്കം തല്‍സ്ഥിതി റിപ്പോർട്ടാണ് കോടതിയില്‍ സമർപ്പിക്കുക. ചീഫ് ജസ്റ്റിസ് എൻ വി അൻജാരിയ, ജസ്റ്റിസ് കെ വി അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തേ കേസ് പരിഗണിച്ച ഹൈക്കോടതി അർജുൻ അടക്കം കാണാതായ മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരണമെന്ന് സർക്കാരിനോട് നിർദേശിച്ചിരുന്നു.