ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം പിൻവലിച്ചേക്കും

വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയില്‍ സർക്കാർ പുനഃരാലോചിക്കുന്നു.
നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ട് സ്പോട്ട് ബുക്കിംഗ് അനുവദിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഇന്നുചേരുന്ന ദേവസ്വം ബോർഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഇന്ന് വൈകിട്ട് ദേവസ്വം ബോർഡ് പ്രസിസന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി .സുന്ദരേശൻ എന്നിവർ മാദ്ധ്യമങ്ങളെകാണുന്നുണ്ട്. പുതിയ തീരുമാനം അപ്പോള്‍ വ്യക്തമാക്കിയേക്കും.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല – മകരവിളക്ക് കാലത്ത് ദർശനത്തിന് ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ചില സംഘടനകള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
തിരക്ക് ഏറുമ്ബോള്‍ പ്രതിഷേധവും സംഘർഷവും ഒഴിവാക്കാനാണ് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാല്‍ സ്പോട്ട് ബുക്കിംഗ് ഇല്ലാതിരിക്കുകയും ഭക്തരെ തടയുകയും ചെയ്യുമ്ബോള്‍ പ്രതിഷേധം ശക്തമാകാനാണ് സാദ്ധ്യത.