മെസ്സി കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ല; അർജന്റീന ഫുട്ബോൾ അസോസിയേഷൻ 130 കോടി വാങ്ങിയ ശേഷം ചതിച്ചെന്ന് റിപ്പോർട്ടർ ചാനൽ ഉടമ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക് എത്തുമെന്ന് തന്നെയാണ് ഇന്നലെ വരെ പലരും വിശ്വസിച്ചിരുന്നത്. എന്നാൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് വെറുതെയായി. മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തിലേക്ക് വരില്ല. ഇക്കാര്യം അർജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന് ഇന്നലെ പറഞ്ഞിരുന്നു.
ഈ ഒക്ടോബറില്‍ മെസി ഉൾപ്പെട്ട ടീം കേരളത്തില്‍ എത്തുമെന്ന് അർജന്റീന ടീം അറിയിച്ചതിനാലാണ് പണം അടച്ചത് എന്നും മന്ത്രി പറഞ്ഞു. കായിക മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ് –
“കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം അടയ്ക്കാന്‍ അര്‍ജന്റീന ടീം മെയില്‍ വഴി നിർദേശിച്ചത്. ആ മെയിൽ വന്നതോടെയാണ് പണമയച്ചത്. രണ്ടു വിന്‍ഡോയാണ് അർജന്റീന ടീം മുൻപിൽ വെച്ചത്. ഒക്ടോബര്‍, അല്ലെങ്കില്‍ നവംബര്‍. അതിന് ശേഷം അവര്‍ ഒക്ടോബറില്‍ എന്തായാലും വരുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണമയച്ചത്.”
“എന്നാൽ പണം കൈപ്പറ്റിയതിന് ശേഷമാണ് ഈ വര്‍ഷം കേരളത്തിലേക്ക് വരാന്‍ കഴിയില്ല എന്ന് അറിയിച്ചത്. കേരളത്തിന് ഏതെങ്കിലും തരത്തിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നല്‍കാനുള്ള എല്ലാ ഉത്തരവാദിത്തവും അര്‍ജന്റീന ടീമിനാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുമില്ല,” എന്നും മന്ത്രി പറഞ്ഞു.
ഇന്ന് റിപ്പോർട്ടർ ടീവി എംഡി ആന്റോ അഗസ്റ്റിൻ വാർത്താസമ്മേളനം നടത്തിയിരുന്നു. മെസ്സിയെ കേരളത്തിൽ എത്തിക്കാൻ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നൽകിയെന്ന് അദ്ദേഹവും പറഞ്ഞു. പണം വാങ്ങിയ ശേഷം വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും ആന്റോ അഗസ്റ്റിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് അവർ സമ്മതിച്ചതുമാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ ആറിനാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ വര്‍ഷം വരില്ലെന്നാണ് അവര്‍ അറിയിച്ചത്. 2026ലെ ലോകകപ്പിന് ശേഷം വരാം എന്നാണ് അവര്‍ അറിയിച്ചത്. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം എന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
പണം വാങ്ങിയിട്ട് വരാന്‍ കഴിയില്ലെന്ന് പറയുന്നത് ചീറ്റിങ്ങാണ്. പണം വാങ്ങുന്നതിന് മുന്നേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താം. എന്നാല്‍ പണം വാങ്ങി തീയതി ഉറപ്പിച്ച ശേഷം വരാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ല. ലോകത്തെ ഏറ്റവും വലിയ ഇവന്റായി ഇത് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. ഒരു കോടിയാളുകള്‍ പങ്കെടുക്കും എന്നത് അടക്കമുള്ള വിവരങ്ങളും നല്‍കിയിരുന്നു. ഫിഫ വേള്‍ഡ് കപ്പ് മോഡല്‍ ഉദ്ഘാടമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത് എന്നും ആന്റോ പറയുന്നു.
കൊല്‍ക്കത്തയിലെ ഒരു കമ്പനിയുമായി ചര്‍ച്ച ചെയ്തിരുന്നു. മെസിയുടെ കൂടെ ഫോട്ടോയെടുക്കാനും ജഴ്സി ഒപ്പുവെയ്ക്കാനും ഒരു കോടി എണ്‍പത് ലക്ഷം രൂപയാണ് വാങ്ങുന്നത്. അങ്ങനെ നൂറ് പേരെ കിട്ടിയാൽ തന്നെ 180 കോടി ആകുന്നുണ്ട്. മെസിയും ടീമും ഡല്‍ഹി, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വരുന്നു കേരളത്തില്‍ വരുന്നില്ല എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. മെസി കേരളത്തില്‍ വരില്ലെങ്കില്‍ മറ്റ് എവിടെയും വരില്ല എന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
എന്നാൽ പണമുണ്ടാക്കാനുള്ള മാര്‍ഗമായി റിപ്പോര്‍ട്ടര്‍ ടിവി ഇതിനെ കാണുന്നില്ലാ എന്നും അങ്ങനെയാണെങ്കില്‍ മെസിയെ മാത്രം കൊണ്ടുവന്നാല്‍ മതിയെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മെസിയെ കൊണ്ടുവന്നാല്‍ മാത്രം കാര്യം നടക്കുമോ? കേരളത്തില്‍ കൊണ്ടുവന്ന് വേള്‍ഡ് കപ്പുപോലെ ഇവന്റ് നടത്തുക എന്നതാണ് ലക്ഷ്യം. അതിന് റിപ്പോര്‍ട്ടര്‍ ടിവിയെടുത്ത റിസ്കോ പണം അയച്ചതോ കാണാതെ ഞങ്ങൾ എന്തോ വലിയ അപരാധം ചെയ്തതു പോലെയാണ് പലരും പറയുന്നത്. മാധ്യമങ്ങള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയണം. മെസി വരില്ലെന്ന് ആരെങ്കിലും ഔദ്യോഗികമായി പറഞ്ഞോ? ഇല്ല. മെസിയെ കൊണ്ടുവരാന്‍ മാക്സിമം ശ്രമിക്കും. അതിനുള്ള കാര്യങ്ങള്‍ ചെയ്യും. പണം വാങ്ങി കബളിപ്പിച്ചാല്‍ മുന്നോട്ടുപോകും. റിപ്പോര്‍ട്ടര്‍ ടിവിയേയും സര്‍ക്കാരിനേയും കബളിപ്പിച്ച് മുന്നോട്ട് പോകാം എന്ന് അർജന്റീന കരുതേണ്ടെന്നും ആന്റോ അഗസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം മെസി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫുട്ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടി മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങൾ സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാംഖഡെ സ്റ്റേഡിയം, ഈഡന് ഗാര്‍ഡന്‍സ്, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം എന്നിവിടങ്ങളില്‍ മെസി സന്ദര്‍ശനം നടത്തിയേക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ മെസി പങ്കെടുക്കാനും സാധ്യതയുണ്ട് എന്നാണ് കേൾക്കുന്നത്.