രജൗരിയില്‍ 17 പേരുടെ ജീവനെടുത്തത് ഓർഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെടുന്ന വിഷം
ജമ്മു-കശ്മീരിലെ രജൗരിയില്‍ 17 പേരുടെ ജീവനെടുത്തത് ഓർഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെടുന്ന വിഷമാണെന്ന് തിരിച്ചറിഞ്ഞു.ഞായറാഴ്ച ഫുഡ് സേഫ്റ്റി സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം ജമ്മു ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചത്. വിഷം തിരിച്ചറിഞ്ഞതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവർക്ക് മറുമരുന്ന് നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നും ഇത് രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ഓർഗാനോ ഫോസ്ഫറസ് വിഷം ശരീരത്തിലെത്തുക. അതുകൊണ്ട് ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും ആരെങ്കിലും മനപൂർവം വിഷം കലർത്തിയതാണോ, മനഃപൂർവമല്ലാതെ സംഭവിച്ചതാണോ എന്ന് പരിശോധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ജമ്മു കശ്മീരില്‍ പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രജൗറി ജില്ലയിലെ ബുധാല്‍ ഗ്രാമത്തില്‍ 50 ദിവസങ്ങള്‍ക്കിടെ 17പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ചത് . രോഗബാധിതരില്‍ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തിയതാണ് കൂടുതല്‍ ദുരൂഹത വർധിക്കാൻ കാരണം . പാകിസ്താനോട് ചേർന്നുള്ള അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാല്‍ ഇവിടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് അജ്ഞാത രോഗത്തെ തുടർന്ന് ആളുകള്‍ മരിക്കാൻ തുടങ്ങിയത്. പിന്നാലെ മരണങ്ങള് വർധിച്ചതോടെ ഇവിടത്തെ ഗ്രാമീണർ കടുത്ത ആശങ്കയിലായി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നു പഠിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു . വിഷയത്തില്‍ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആരോഗ്യ, പൊലീസ് അധികൃതരുടെ യോഗവും വിളിച്ചിരുന്നു.
ഡിസംബർ ഏഴിന് സമൂഹസല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ആദ്യം രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചുപേർ മരിച്ചു. പിന്നാലെ ഡിസംബർ 12ന് മറ്റൊരു കുടുംബത്തിന് രോഗം ബാധിക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്തു.
രജൗരിയിലെ ബദാല്‍ ഗ്രാമത്തിലെ മുഹമ്മദ് ഫസല്‍, മുഹമ്മദ് അസ്ലം, മുഹമ്മദ് റഫീഖ് എന്നിവരുടെ കുടുംബത്തിലെ 13 കുട്ടികളടക്കം 17 പേരാണ് കഴിഞ്ഞ ഒന്നരമാസത്തിനിടെ മരിച്ചത്. മരിച്ചവരുടെ സാംപിളുകളില്‍ ന്യൂറോടോക്സിനുകളുടെ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലും നാഡീവ്യവസ്ഥയിലുമുണ്ടായ തകരാറിനെ തുടർന്നാണ് എല്ലാവരും മരിച്ചത്.
ലഖ്നൗവിലെ ടോക്സിക്കോളജി ലബോറട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിഷവസ്തു ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് കൂടുതല്‍ പരിശോധനയ്ക്ക് സാംപികള് അയച്ചത്. ഈ പരിശോധനാഫലമാണ് ഓർഗാനോ ഫോസ്ഫറസ് വിഷം ഉള്ളില്‍ചെന്നാണ് മരണങ്ങളുണ്ടായതെന്ന് സ്ഥിരീകരിച്ചത്. ഗ്രാമത്തിലെ ജലസംഭരണിയില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഇതിനേക്കുറിച്ചും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.